| Saturday, 3rd January 2026, 11:04 am

സന്തോഷിച്ച് ക്ഷീണിച്ചെന്നാണ് നിവിന്‍ പറഞ്ഞത്; അദ്ദേഹത്തിന്റെ കഴിഞ്ഞ ആറുവര്‍ഷകാലം എളുപ്പമായിരുന്നില്ല: അഖില്‍ സത്യന്‍

ഐറിന്‍ മരിയ ആന്റണി

സന്തോഷിച്ച് ക്ഷീണിച്ചെന്നാണ് സര്‍വ്വം മായ കഴിഞ്ഞപ്പോള്‍ നിവിന്‍ പറഞ്ഞതെന്ന് സംവിധാകന്‍ അഖില്‍ സത്യന്‍. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.

നിവിന്‍ പോളി, അജു വര്‍ഗീസ്, റിയ ഷിബു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ഇതിനോടകം 75 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി. ഇപ്പോള്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ വിജയത്തില്‍ സന്തോഷം പങ്കുവെക്കുകയാണ് അഖില്‍.

‘സിനിമ വിജയിച്ച് കഴിഞ്ഞപ്പോള്‍ സന്തോഷിച്ച് ക്ഷീണിച്ചെന്നാണ് നിവിന്‍ പറഞ്ഞത്. നിവിന്‍ കുടുംബവുമായിട്ട് ദുബായിലാണ്, അതുകൊണ്ടാണ് പ്രൊമോഷന്‍ ദുബായില്‍ വെച്ച് ചെയ്തത്. അദ്ദേഹം ഒരു ട്രിപ്പ് പോയപ്പോള്‍ അതിനോട് ചേര്‍ന്നാണ് പ്രൊമോഷന്‍ അവിടെ ചെയ്തത്. ശരിക്കും ഞങ്ങളുടെ സിനിമക്ക് ട്രെയ്‌ലര്‍ ഇല്ല. പ്രൊമോഷനുമില്ല. രണ്ട് ചെറിയ അഭിമുഖവും, ഒരു ടീസറും മാത്രമെ ഉള്ളു.

സിനിമയുടെ സ്‌ക്‌സസിന് ട്രെയ്‌ലറും പ്രൊമോഷനും ഒന്നും ബാധകമല്ല. അത് വേറൊരു പരിപാടിയാണ്. ഒരു നല്ല ക്വാളിറ്റിയിയുള്ള സിനിമ കൊടുത്തു കഴിഞ്ഞാല്‍ അത് ആളുകള്‍ കാണുമെന്നതിന്റെ ഏറ്റവും വലിയ പ്രൂഫാണ് സര്‍വ്വം മായയുടെ സ്‌ക്‌സസ്,’ അഖില്‍ സത്യന്‍ പറഞ്ഞു.

സിനിമ വിജയിച്ചെന്നറിഞ്ഞപ്പോള്‍ നിവിന്‍ വളരെ ഇമോഷണലായെന്നും ഈ സിനിമ റിലീസ് ആകുന്നത് വരെ നിവിന്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും അഖില്‍ പറയുന്നു. അദ്ദേഹത്തിന്റെ കഴിഞ്ഞ ഒരു ആറുവര്‍ഷകാലം അത്ര എളുപ്പമായിരുന്നില്ലെന്നും നിവിനെ ഇപ്പോള്‍ അങ്ങനെ കാണാന്‍ പറ്റിയതില്‍ തനിക്ക് സന്തോഷം ഉണ്ടെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ ഫസ്റ്റ് ഷോ കഴിഞ്ഞപ്പോള്‍ തങ്ങള്‍ ഒരു പ്രസ് മീറ്റില്‍ ആയിരുന്നുവെന്നും അപ്പോഴും തന്റെ ഉള്ളില്‍ ഒരു വിശ്വാസമുണ്ടായിരുന്നുവെന്നും അഖില്‍ പറഞ്ഞു. തമാശക്ക് താന്‍ സിനിമ നൂറ് കോടി അടിക്കുമെന്നൊക്കെ പറയാറുണ്ടായിരുന്നുവെന്നും സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമീപകാലത്ത് നിവിന് ബോക്‌സ് ഓഫീസില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. സാറ്റര്‍ഡെ നൈറ്റ്, മഹാവീര്യര്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. അതുകൊണ്ട് തന്നെ നിവിന്‍ പോളിയുടെ തിരിച്ചുവരവ് എന്നാണ് സര്‍വ്വം മായയെ കുറിച്ച് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.

നിവിന്‍ പോളി അജു കോമ്പോ ഒന്നിച്ച പത്താമത്തെ ചിത്രത്തില്‍ ജദനാര്‍ദ്ദനന്‍, രഘുനാഥ് പലേരി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

Content Highlight: Akhil Sathyan said that Nivin said after Sarvam Maya that he was happy and tired

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more