| Wednesday, 24th December 2025, 2:15 pm

സര്‍വം മായയ്ക്ക് ട്രെയിലര്‍ ഇല്ല, അതൊരു സസ്‌പെന്‍സാണ്: അഖില്‍ സത്യന്‍

നന്ദന എം.സി

ട്രെയ്‌ലർ പുറത്തു വിടാതെ തന്നെ ഒരു സിനിമ നേരിട്ട് റിലീസ് ചെയ്യുന്നത് അപൂർവമാണ്. പ്രൊമോഷൻ കാലത്ത് സർവം മായയുടെ ട്രെയിലർ പുറത്തിറക്കാത്ത മനപ്പൂർവമാണെന്ന് പറയുകയാണ് സംവിധായകൻ അഖിൽ സത്യൻ. അതിനു പിന്നിൽ ഒരു സസ്പെൻസ് ഉണ്ടെന്നും ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.

‘ഈ സിനിമയ്ക്ക് ഒരു സസ്പെൻസ് എലെമെന്റ് ഉണ്ട്. അതുകൊണ്ട് ട്രെയ്‌ലർ പോലും നമുക്ക് പുറത്തു വിടാൻ സാധിക്കില്ല. എന്താണ് ആ സസ്പെൻസെന്ന് പ്രേക്ഷകർ തിയേറ്ററിൽ തന്നെ പോയി കാണട്ടെ.

സര്‍വം മായ, Theatrical poster

ഈ സിനിമ പറയുന്ന മെയിൻ വിഷയം വളരെ ചെറിയ ഒരു തോട്ട് ആണ്. ആ തോട്ട് തിയേറ്ററിൽ തന്നെ എക്സ്പീരിയൻസ് ചെയ്യണം. തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യുമ്പോൾ അത് വളരെ ഹൈ ആയിട്ട് നമുക്ക് അനുഭവപ്പെടും,’ അഖിൽ പറഞ്ഞു.

ഇപ്പോൾ പോസ്റ്ററിൽ കാണുന്ന നിവിൻ, അജുവിന്റെ രസങ്ങൾ എല്ലാം കാണിക്കുന്ന ഒരു സിനിമയാണ്. അജുവിന്റെ ക്യാരക്ടറാണ് സിനിമ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്ററിൽ ഒന്നും കാണാത്ത ഒരു ചെറിയ എലമെന്റ് ഈ സിനിമയിലുണ്ടെന്നും തനിക്ക് പേർസണലി സെക്കന്റ് ഹാഫിലെ ഇമോഷൻ ആണ് കണക്ട് ആയതെന്നും അഖിൽ പറഞ്ഞു.

ട്രെയ്‌ലറില്ലായ്മ തന്നെ ‘സർവം മായ’യെക്കുറിച്ചുള്ള കൗതുകം കൂട്ടുകയാണ്. എന്താണ് സിനിമ പറയുന്നത്, എങ്ങനെയാണ് പ്രേതത്തെ അവതരിപ്പിക്കുന്നത് എന്നതെല്ലാം പ്രേക്ഷകർ തിയറ്ററിൽ കണ്ടറിയട്ടെ എന്നതാണ് അഖിൽ സത്യന്റെ നിലപാട്.

നിവിൻ പോളി അവതരിപ്പിക്കുന്ന പ്രഭേന്ദു നമ്പൂതിരി എന്ന കഥാപാത്രവും രൂപേഷ് നമ്പൂതിരി എന്ന അജു വർഗീസിന്റെ കഥാപാത്രവുമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. നിവിൻ പോളിയുടെ ഇത്തരമൊരു കഥാപാത്രം അടുത്തകാലത്തെ നിവിൻ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു അനുഭവമാകുമെന്ന പ്രതീക്ഷയും സിനിമയെ ഉയർത്തുന്നു.

ട്രെയ്‌ലർ ഇല്ലാത്തത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോഴും, സിനിമയോടുള്ള ആകാംഷയും ഇരട്ടിയാവുകയാണ്.

ഫഹദ് നായകനായെത്തിയ ‘പാച്ചുവും അത്ഭുതവിളക്കി’നും ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സർവം മായ’. നിവിൻ പോളി, അജു വർഗ്ഗീസ്, ജനാർദ്ദനൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഹൊറർ കോമഡി ഴോണറിലാണ് ഒരുങ്ങുന്നത്.

Content Highlight: Akhil Sathyan reveals Sarvam Maya doesn’t have a trailer, it’s a suspense film

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more