| Sunday, 22nd March 2026, 1:01 pm

ഒന്നോ രണ്ടോ സിനിമ ചെയ്ത സംവിധായകരെ ഇവിടെ സെലിബ്രേറ്റ് ചെയ്യുന്നു, അച്ഛന്‍ അതിന്റെ മൂന്നിരട്ടി ചെയ്തിട്ടുണ്ട്: അഖില്‍ സത്യന്‍

ഐറിന്‍ മരിയ ആന്റണി

മലയാളത്തിന് ഒരു പിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. കുടുംബം പ്രേക്ഷകര്‍ക്ക് എന്നും പ്രിയങ്കരനായ അദ്ദേഹം ഇന്നും ഇന്‍ഡസ്ട്രിയില്‍ സജീവമാണ്. കുറുക്കന്റെ കല്യാണം എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച സത്യന്‍ അന്തിക്കാട് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, മനസിനക്കരെ, നാടോടിക്കാറ്റ്, സന്ദേശം തുടങ്ങി ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനും സംവിധായകന്‍ എന്ന നിലയില്‍ മലയാള സിനിമയില്‍ തന്റേതായ ഇടം സ്വന്തമാക്കുകയാണ്. നിവിന്‍ പോളിയെ നായകനാക്കി അടുത്തിടെ സംവിധാനം ചെയ്ത സര്‍വ്വം മായ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു.

ഇപ്പോഴിതാ അഖില്‍, സത്യന്‍ അന്തിക്കാടിന്റെ സിനിമകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

‘ചില ആളുകള്‍ പറയാറുണ്ട് 90സ് ആണ് പുള്ളിയുടെ (സത്യന്‍ അന്തിക്കാട്) പ്രൈം ടൈം, 2000ത്തിന് ശേഷം ഡൗണ്‍ ആയി എന്നൊക്കെ. പക്ഷെ മനസിനക്കരെ, വിനോദയാത്ര, ഇന്ത്യന്‍ പ്രണയകഥ, ഞാന്‍ പ്രകാശന്‍, അച്ചുവിന്റെ അമ്മ തുടങ്ങിയ സിനിമകള്‍ എല്ലാം അദ്ദേഹം ചെയ്തത് 2000ത്തിന് ശേഷമാണ്. അതുകൊണ്ട് തന്നെ 90കള്‍ കഴിഞ്ഞ് അച്ഛന്റെ സിനിമകള്‍ ഡൗണ്‍ ആയെന്നുള്ളത് വെറുതെയൊരു ജഡ്ജ്‌മെന്റാണ്.

ഒന്നോ രണ്ടോ സിനിമകള്‍ ചെയ്ത സംവിധായകരെ പോലും ഇവിടെ സെലിബ്രേറ്റ് ചെയ്യാറുണ്ട്, പക്ഷെ അച്ഛന്‍ അതിന്റെ മൂന്നിരട്ടി ചെയ്തിട്ടുണ്ട്. അച്ഛന്‍ വരുമ്പോള്‍ മലയാള സിനിമ ബ്ലാക്ക് & വൈറ്റ് ആണ്, അതുകൊണ്ട് ആ സിനിമയുടെ കൂടെ വളര്‍ന്ന ആളാണ് അച്ഛന്‍. ഇക്കഴിഞ്ഞ വര്‍ഷം ഒരു 100 കോടി ബിസിനസ് വന്ന സിനിമ പോലും അച്ഛന്റെ ആണ്, ഹൃദയപൂര്‍വം,’ അഖില്‍ സത്യന്റെ വാക്കുകള്‍.

മോഹന്‍ലാലുമായി സത്യന്‍ അന്തിക്കാട് ഒന്നിച്ച ഹൃദയപൂര്‍വ്വവും സൂപ്പര്‍ ഹിറ്റായിരുന്നു. മാളവിക മോഹനന്‍, സംഗീത് പ്രതാപ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് നവാഗതനായ സോനു ടി.പിയാണ്. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിച്ചത്. അനു മുത്തേടത്ത് ഛായാഹ്രണം നിര്‍വഹിച്ച ചിത്രത്തിന് സംഗീതം നല്‍കിയത് ജസ്റ്റിന്‍ പ്രഭാകരനാണ്.

Content highlight: Akhil Sathyan on Sathyan Anthikad’s films from the 2000s

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more