| Sunday, 26th March 2023, 9:53 pm

ഇനി വാചക കസര്‍ത്ത് ബിഗ് ബോസില്‍; മത്സരാര്‍ത്ഥിയായി അഖില്‍ മാരാരും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ എന്നതിന് പുറമേ സോഷ്യല്‍ മീഡിയയിലും മറ്റ് സാമൂഹിക ചര്‍ച്ചകളിലും സജീവമായ വ്യക്തിയാണ് അഖില്‍ മാരാര്‍. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിലൊന്നായ ബിഗ് ബോസിലേക്ക് മത്സരാര്‍ത്ഥിയായി എത്തിയിരിക്കുകയാണ് അഖില്‍.

സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലുമുള്ള അഖിലിന്റെ വാചക കസര്‍ത്ത് ഇനി ബിഗ് ബോസിലും കാണാനാവുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് ജനം ടിവിയില്‍ 2021 ല്‍ നടന്ന ചര്‍ച്ചയിലൂടെയാണ് അഖില്‍ മാരാര്‍ ശ്രദ്ധ നേടുന്നത്. പ്രഫുല്‍ ഖോഡ പട്ടേല്‍ എന്ന് അഖില്‍ പറഞ്ഞത് ‘പോടാ’ പട്ടേല്‍ എന്ന് അവതാരകന്‍ തെറ്റിദ്ധരിച്ച് കേട്ടത് അന്ന് വലിയ ട്രോളായിരുന്നു.

ഇതിന് ശേഷം ചാനല്‍ ചര്‍ച്ചകളിലൂടെ സജീവമായ അഖില്‍ 2022ല്‍ താത്വിക അവലോകനം എന്ന ആദ്യ ചിത്രവും സംവിധാനം ചെയ്തിരുന്നു. ആക്ഷേപ ഹാസ്യ ഴോണറിലെത്തിയ ചിത്രത്തില്‍ ജോജു ജോര്‍ജ്, ഷമ്മി തിലകന്‍, അജു വര്‍ഗീസ് മുതലായവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ സിനിമാ റിവ്യൂവുമായി ഉണ്ടായ വിവാദങ്ങളിലും അഖില്‍ മാരാര്‍ സജീവ സാന്നിധ്യമായിരുന്നു. യൂട്യൂബര്‍ അശ്വന്ത് കോക്കും അഖിലും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സമീപ കാലത്ത് സോഷ്യല്‍ മീഡയയിലും ചാനലുകളിലും നിറ സാന്നിധ്യമായ അഖില്‍ മാരാര്‍ ബിഗ് ബോസിലേക്ക് എത്തുമ്പോള്‍ കടുത്ത മത്സരം തന്നെയാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.

Content Highlight: Akhil marar has reached Bigg Boss as a contestant

We use cookies to give you the best possible experience. Learn more