| Friday, 21st November 2025, 9:59 pm

കൊച്ചു ടി.വിയിലെ കാര്‍ട്ടൂണും ബാലയ്യയുടെ ഫൈറ്റും, ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ അഖണ്ഡ 2വിന് ട്രോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുകാലത്ത് മലയാളികള്‍ക്കിടയില്‍ ട്രോള്‍ മെറ്റീരിയലായിരുന്നു തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണ അടുത്തിടെ തരക്കേടില്ലാത്ത സിനിമകള്‍ ചെയ്ത് സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഡാക്കു മഹാരാജ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച മാസ് സിനിമ എന്ന അഭിപ്രായം സ്വന്തമാക്കുകയും ചെയ്തു.

എന്നാല്‍ പഴയ ട്രാക്കിലേക്ക് താരം തിരിച്ചുപോവുകയാണോ എന്ന സൂചനയാണ് പുതിയ ചിത്രമായ അഖണ്ഡ 2വിന്റെ ട്രെയ്‌ലര്‍ സമ്മാനിക്കുന്നത്. ഓവര്‍ ദി ടോപ് ആക്ഷന്‍ രംഗങ്ങളുടെ അതിപ്രസരമാണ് ട്രെയ്‌ലറിലുടനീളം. മഹാകുംഭമേളയും അതിനെ തകര്‍ക്കാന്‍ വരുന്ന വില്ലന്മാരെ കാണിച്ചുകൊണ്ടാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്.

പ്രധാന വില്ലന്‍ ആവാഹിച്ച് വരുത്തുന്ന പിശാചുക്കള്‍ ഇതിനോടകം ട്രോള്‍ മെറ്റീരിയലായി മാറി. കൊച്ചു ടി.വിയില്‍ പണ്ടുകാലത്ത് വന്നിരുന്ന കാര്‍ട്ടൂണിലെ രൂപങ്ങള്‍ ഇതിലും നല്ലതാണെന്ന് പലരും അഭിപ്രായപ്പെട്ടു. പ്രഭാസ് ചിത്രം ആദിപുരുഷിന് അഖണ്ഡ 2 കോമ്പിറ്റീഷന്‍ കൊടുക്കാന്‍ സാധ്യതയുണ്ടനെന്നും ട്രോളന്മാര്‍ പറയുന്നു.

നായകനായ ബാലകൃഷ്ണയുടെ ആക്ഷന്‍ രംഗങ്ങളും വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. മെഷീന്‍ ഗണ്‍ ശൂലം വെച്ച് ട്രിഗര്‍ ചെയ്യുന്ന സീന്‍ ഒ.ടി.ടി റിലീസിന് ശേഷം എയറിലാകുമെന്നാണ് കണക്കുകൂട്ടല്‍. അഖണ്ഡയുടെ തുടര്‍ച്ചയല്ല ഈ ചിത്രമെന്നും സ്പിരിച്വല്‍ സീക്വലാകാനാണ് സാധ്യതയെന്നും ട്രെയ്‌ലര്‍ സൂചന നല്കുന്നുണ്ട്.

എത്ര ലോജിക്കില്ലാത്ത ആക്ഷന്‍ സീനാണെങ്കിലും അതിനെയെല്ലാം വാച്ചബിളാക്കാന്‍ തമന്റെ മ്യൂസിക്കിന് സാധിക്കുമെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. ബാലകൃഷ്ണ- ബോയപ്പട്ടി ശ്രീനു കോമ്പോയുടെ നാലാമത്തെ വരവ് മുന്നത്തേതിനെക്കാള്‍ ഗംഭീരമാകുമെന്നാണ് ആരാധകര്‍ പറയുന്നത്. മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി പാന്‍ ഇന്ത്യന്‍ റിലീസാണ് അഖണ്ഡ 2 ലക്ഷ്യമിടുന്നത്.

മലയാളി താരം സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ഡാക്കു മഹാരാജിന് ശേഷം തിയേറ്റിലെത്തുന്ന അഖണ്ഡ 2 ബാലകൃഷ്ണക്ക് പാന്‍ ഇന്ത്യന്‍ ലെവല്‍ റീച്ച് സമ്മാനിക്കുമെന്നാണ് കണക്കുകൂട്ടല്‍. സെപ്റ്റംബറില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ച ചിത്രം പിന്നീട് റിലീസ് മാറ്റുകയായിരുന്നു. ഡിസംബര്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Akhanda 2 Trailer getting trolls

We use cookies to give you the best possible experience. Learn more