ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മുഹമ്മദ് സിറാജിന്റെ പ്രകടനം താരത്തിന്റെ ഏറ്റവും മികച്ചതാണെന്ന് പറയാനാവില്ലെന്ന് ഇന്ത്യന്‍ പേസര്‍ ആകാശ് ദീപ്. പരമ്പരയില്‍ താരത്തിന്റെ മനോഭാവം വളരെ വ്യത്യസ്തയുള്ളതായിരുന്നുവെന്നും എല്ലാവരെയും പ്രചോദിപ്പിക്കാറുണ്ടായിരുന്നെന്നും ഫാസ്റ്റ് ബൗളര്‍ കൂട്ടിച്ചേര്‍ത്തു. റേവ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യുവതാരം.
‘സിറാജ് ഏറെ പ്രത്യേകതകളുള്ള ഒരു കളിക്കാരനാണ്. അത്രയും പരിശ്രമിച്ചാല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഫലം ലഭിക്കും. ഈ പരമ്പരയിലേത് അവന്റെ ഏറ്റവും മികച്ച പ്രകടനമാണെന്ന് ഞാന്‍ പറയില്ല. പക്ഷേ, അവന്റെ മനോഭാവം വ്യത്യസ്തമായിരുന്നു. അവന്‍ ഇപ്പോഴും ‘നമ്മള്‍ ഇത് ചെയ്യണം, നമ്മള്‍ മൂന്ന് പേരും വിശ്വസിച്ചുകൊണ്ടിരിക്കണം,’ എന്ന് പറയുമായിരുന്നു,’ ആകാശ് ദീപ് പറഞ്ഞു.
പരമ്പരയിലുടനീളം തന്നെ മികച്ച രീതിയില്‍ പന്തെറിയാന്‍ സിറാജ് പ്രചോദിപ്പിച്ചെന്നും ആകാശ് ദീപ് പറഞ്ഞു. അടി കൊള്ളുമ്പോള്‍ അത് നിങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കും. അത് നിങ്ങളെ തന്നെ സംശയിക്കുന്നതിലേക്ക് നയിക്കും. അത്തരം സമയങ്ങളില്‍ ശരിയായ സ്ഥലങ്ങളില്‍ പന്തെറിയുന്നത് തുടരാനും അങ്ങനെ ചെയ്യുമ്പോള്‍ പതുക്കെ വിക്കറ്റ് നേടാനും കഴിയുമെന്നും സിറാജ് പറഞ്ഞതായി യുവ പേസര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ സമാപിച്ച ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയില്‍ ഇന്ത്യ സമനില കൈവരിച്ചിരുന്നു. ഓവലില്‍ നടന്ന അവസാന ടെസ്റ്റില്‍ വിജയിച്ചതോടെയായിരുന്നു ഇന്ത്യയ്ക്ക് സമനില നേടാന്‍ സാധിച്ചത്. ആ മത്സരത്തിലെ വിജയ ശില്പി സിറാജായിരുന്നു. അഞ്ചാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് നേടിയായിരുന്നു താരത്തിന്റെ പ്രകടനം. പരമ്പരയില്‍ 23 വിക്കറ്റുകള്‍ നേടി വിക്കറ്റ് വേട്ടക്കാരില്‍ സിറാജ് ഒന്നാമതാകുകയും ചെയ്തിരുന്നു.
ആകാശ് ദീപും പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ മാത്രം കളിച്ച് താരം 13 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഒന്ന് വീതം ഫൈഫറും ഫോഫറും കൂടി ഉള്‍പ്പെടെയാണ് ഈ പ്രകടനം.
Content Highlight: Akash Deep says that he wouldn’t say performance against England is Muhammed Siraj’s best