| Tuesday, 28th April 2026, 1:30 pm

അവന്റെ അടുത്തെത്താന്‍ ഇനി ആര്‍ക്കും സാധിക്കില്ല: സൂപ്പര്‍താരത്തെക്കുറിച്ച് ആകാശ് ചോപ്ര

Sudev A

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ വമ്പന്‍ വിജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയത്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് ബെംഗളൂരു നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി 16.3 ഓവറില്‍ 75 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 6.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബിക്ക് 20 റണ്‍സിന് ജേക്കബ് ബേഥലിനെ നഷ്ടപ്പെട്ടെങ്കിലും ദേവ്ദത്ത് പടിക്കലും വിരാട് കോഹ്ലിയും ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. പടിക്കല്‍ 13 പന്തില്‍ മൂന്ന് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 34* റണ്‍സ് നേടിയപ്പോള്‍ വിരാട് 15 പന്തില്‍ 23* റണ്‍സും നേടി. രണ്ട് സിക്‌സും ഒരു ഫോറുമാണ് വിരാട് നേടിയത്.

മത്സരത്തില്‍ ഒരു ചരിത്ര റെക്കോഡ് സ്വന്തമാക്കാനും വിരാടിന് സാധിച്ചിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമാകാനാണ് വിരാടിന് സാധിച്ചത്. ടൂര്‍ണമെന്റില്‍ 267 ഇന്നിങ്സില്‍ നിന്ന് 9012 റണ്‍സാണ് വിരാട് തന്റെ അക്കൗണ്ടിലാക്കിയത്. മാത്രമല്ല ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടത്തില്‍ തുടരവേയാണ് കിങ് വിരാട് പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്.

വിരാട് കോഹ്ലി. Photo: IndianPremierLeague/x.com

ഇപ്പോള്‍ കോഹ്ലി നേടിയ ഈ അഭിമാന നേട്ടത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. മറ്റൊരു താരവും കോഹ്ലിയുടെ അടുത്തു പോലുമെത്തില്ലെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു.

‘ചെറിയ സ്‌കോര്‍ എളുപ്പത്തില്‍ പിന്തുടരേണ്ടി വന്നു. ഐ.പി.എല്ലില്‍ 9000 റണ്‍സ് നേടുന്ന ആദ്യ താരമായി വിരാട് മാറി. അദ്ദേഹത്തിന്റെ അടുത്തെത്താന്‍ ആര്‍ക്കും കഴിയില്ല. കാരണം അദ്ദേഹം ഇപ്പോള്‍ കളിക്കുന്നത് നിര്‍ത്താന്‍ പോവുന്നില്ല. അദ്ദേഹം കാളി മതിയാക്കുമ്പോള്‍ 10,000 അല്ലെങ്കില്‍ 11,000 കടന്നേക്കാം’, ആകാശ് ചോപ്ര പറഞ്ഞു.

അതേസമയം ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ ബാക്കിനില്‍ക്കെയുള്ള ആര്‍.സി.ബിയുടെ വിജയം കൂടിയാണിത്. 6.3 ഓവറിലാണ് ദല്‍ഹിക്കെതിരെ വിജയിച്ചുകയറിയത്. 81 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് നിലവിലെ ചാമ്പ്യന്മാര്‍ വിജയിച്ചത്. 2018ല്‍ പഞ്ചാബിനെതിരെ 71 പന്തുകള്‍ ബാക്കിനില്‍ക്കെ ബെംഗളൂരു വിജയം സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം റെക്കോഡും തകര്‍ത്തുകൊണ്ട് ബെംഗളൂരു കുതിക്കുകയാണ്.

Content Highlight: Akash Chopra Talks about Virat Kohli

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more