| Wednesday, 7th October 2026, 10:43 am

വിമർശനങ്ങൾക്കെല്ലാം ക്യാപ്റ്റന്റെ സെഞ്ച്വറി മറുപടി; ശ്രേയസ് അയ്യരെ പ്രശംസിച്ച് ആകാശ് ചോപ്ര

അഞ്ജലി പി.കെ.

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി-20യിൽ മാച്ച് വിന്നിംഗ് സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
തന്റെ ബാറ്റിങ് ഫോമിനെക്കുറിച്ച് ഉയർന്നുവരുന്ന എല്ലാ ചോദ്യങ്ങൾക്കും ഇന്ത്യൻ ക്യാപ്റ്റൻ അന്ത്യം കുറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ശ്രേയസ് അയ്യർ

ശ്രേയസ് അയ്യരുടെ പ്രകടനം വെസ്റ്റ് ഇൻഡീസിന് കളിയിൽ തിരിച്ചുവരവിന് ഒരു അവസരവും നൽകിയില്ലെന്നും ചോപ്ര കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആകാശ് ചോപ്ര ഇക്കാര്യം വ്യക്തമാക്കിയത്.

‘സർപഞ്ച് സാഹിബ്, അദ്ദേഹത്തിന്റെ ഇന്നത്തെ പ്രകടനം മികച്ചതായിരുന്നു. എതിരാളികളെ അടിച്ചൊതുക്കിയ പൂർണ ആധിപത്യം. അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയരുന്നുണ്ടായിരുന്നു. ഇന്നലെ നമ്മൾ പ്രീവ്യൂ ചെയ്തപ്പോൾ, കമന്റിൽ പലരും ചോദിച്ചു ശ്രേയസ് അയ്യർ എന്റെ കൂട്ടുകാരനാണോ എന്ന്. അദ്ദേഹം റൺസെടുക്കാത്തതിനെക്കുറിച്ചും സ്ട്രൈക്ക് റേറ്റ് കുറഞ്ഞതിനെക്കുറിച്ചും ഞാൻ ഒന്നും പറയാത്തതുകൊണ്ടാണ് അവർ അങ്ങനെ ചോദിച്ചത്.

ആ ചോദ്യങ്ങളിൽ കാര്യമില്ലാതില്ല. എങ്കിലും ശ്രേയസ് മികച്ച കളിക്കാരനാണ്, അദ്ദേഹത്തെ ആവശ്യമില്ലാതെ ചർച്ചയാക്കേണ്ടതില്ല. വെറുതെ ആകുലപ്പെടേണ്ടതില്ലെന്ന് അദ്ദേഹം തെളിയിച്ചു. മുൻപ് നന്നായി കളിച്ചവർക്ക് കുറച്ചുകൂടി അവസരങ്ങളും ബഹുമാനവും നൽകണം. ശ്രേയസ് അത് ശരിയാണെന്ന് വീണ്ടും തെളിയിച്ചു,’ ചോപ്ര പറഞ്ഞു.

ആകാശ് ചോപ്ര. Photo: Mahi Patel/x.com

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ വിജയവുമായി ഇന്ത്യ. ലഖ്‌നൗവില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്.

വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ സെഞ്ച്വറി കരുത്തില്‍ 32 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. 43 പന്ത് നേരിട്ട് പുറത്താകാതെ 102 റണ്‍സാണ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.ആറ് സിക്‌സറും പത്ത് ഫോറും അടക്കം 237.21 സ്‌ട്രൈക് റേറ്റും താരത്തിനുണ്ട്.

അഭിഷേക് ശര്‍മ (10 പന്തില്‍ 21) സഞ്ജു സാംസൺ (ഒമ്പത് പന്തില്‍ 11 ) , ഇഷാന്‍ കിഷന്‍ (27 പന്തില്‍ 37 ) എന്നിവരാണ് ഇന്ത്യയുടെ മറ്റ് റൺവേട്ടക്കാർ.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യര്‍ എതിരാളികളെ ബാറ്റിങ്ങനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെയും മിഡില്‍ ഓര്‍ഡറില്‍ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മോശമല്ലാത്ത സ്കോർ വിന്ഡീഡ് പടുത്തുയർത്തിയത്. റൂഥര്‍ഫോര്‍ഡ് 34 പന്തില്‍ 56 റണ്‍സും ഷായ് ഹോപ്പ് 37 പന്തില്‍ 52 റണ്‍സും നേടി. 15 റണ്‍സ് നേടിയ അകീല്‍ ഹൊസൈനാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

ഇന്ത്യയ്ക്കായി നമന്‍ ധിര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതവും നേടി. അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ 1-0ന് മുമ്പിലാണ്. ഒക്ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം. റാഞ്ചിയാണ് വേദി.

Content Highlights; Akash Chopra talks about shreyas iyar match winning centuary

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

We use cookies to give you the best possible experience. Learn more