അയര്‍ലാന്‍ഡിനെതിരെയുള്ള രണ്ടാം ടി – 20ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ന് (ജൂണ്‍ 28) ബെല്‍ഫാസ്റ്റിലെ സിവില്‍ സര്‍വീസ് ഗ്രൗണ്ടില്‍ ഈ മത്സരം അരങ്ങേറും. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെത്തുന്ന ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാവാതിരിക്കാന്‍ വിജയം അനിവാര്യമാണ്.
ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയിരുന്നു. ഇപ്പോള്‍ രണ്ടാം മത്സരത്തിന് മുന്നോടിയായി താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. വൈഭവ് സൂര്യവംശിയെ പോലെ ഒരാള്‍ പുറത്തിരിക്കുമ്പോള്‍ സഞ്ജു ചെറിയ സ്‌കോറിന് പുറത്താകുന്നത് നല്ലതല്ലെന്നും അതിനാല്‍ തന്നെ താരത്തിന്റെ കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആകാശ് ചോപ്ര. Photo: Mahi Patel/x.com
ഇഷാന്‍ കിഷനും ചെറിയ സ്‌കോറില്‍ പുറത്തായെങ്കിലും ഏകദിനത്തില്‍ സെഞ്ച്വറി നേടിയതിനാല്‍ കുറച്ചുകൂടി അവസരങ്ങള്‍ ലഭിച്ചേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഞ്ജുവിന്റെ ഭാഗ്യം അത്ര നല്ലതല്ലെന്നും അവന് സമ്മര്‍ദം വര്‍ധിക്കുകയാണെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ കൂട്ടിച്ചേര്‍ത്തു.
‘സഞ്ജുവിന്റെ കാര്യത്തില്‍ എനിക്ക് ചെറിയൊരു ആശങ്കയുണ്ട്. ഒരുപക്ഷേ, വൈഭവ് സൂര്യവംശിയെ ടീമില്‍ എടുക്കണമെങ്കില്‍ സഞ്ജുവിനെയോ ഇഷാനെയോ പുറത്തിരുത്തേണ്ടി വരും. ടീം പരാജയപ്പെടുമ്പോള്‍ ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ കൂടും. പുറത്തിരിക്കുന്ന താരം വളരെ മികച്ചവനാണെന്ന തോന്നല്‍ സ്വാഭാവികമാണ്.
അവന് അവസരം നല്‍കിയാല്‍ ജയിപ്പിക്കുമെന്ന പ്രതീക്ഷ എല്ലാവരിലുമുണ്ടാകും. എന്നാല്‍ അതിന് ഒരു ഉറപ്പുമില്ല. അത്തരം സാഹചര്യങ്ങളില്‍ സഞ്ജു കഴിഞ്ഞ കളിയില്‍ പുറത്തായത് അത്ര നല്ല കാര്യമല്ല. ഇഷാന്‍ കിഷനും പുറത്തായെങ്കിലും, തൊട്ടുമുമ്പത്തെ ഏകദിന മത്സരത്തില്‍ സെഞ്ച്വറി അടിച്ചിട്ടുണ്ട്.
അതിനാല്‍ ഇഷാന് കുറച്ചുകൂടി അവസരങ്ങള്‍ ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു. സഞ്ജുവിന്റെ ഭാഗ്യം അത്ര നല്ലതല്ല. അതുകൊണ്ട് ഇപ്പോള്‍ അവന് സമ്മര്‍ദം വര്‍ധിക്കുകയാണ്. ഒരു കാര്‍ ഓടിക്കുമ്പോള്‍ പിന്നില്‍ നിന്ന് ഒരാള്‍ അതിവേഗത്തില്‍ വരുന്നത് കണ്ണാടിയില്‍ കാണുന്നത് പോലെയാണ് അവന്റെ അവസ്ഥ. ഈ കളിയില്‍ സഞ്ജു റണ്‍സ് കണ്ടെത്തുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു,’ ചോപ്ര പറഞ്ഞു.
ഒന്നാം ടി – 20യില്‍ ഇന്ത്യ 84 റണ്‍സിനാണ് തോല്‍വി വഴങ്ങിയത്. മത്സരത്തില്‍ ഓപ്പണറായി എത്തിയ സഞ്ജു നാല് പന്തില്‍ അഞ്ച് റണ്‍സാണ് എടുത്തത്. അഞ്ച് പന്തില്‍ ഒരു റണ്‍സായിരുന്നു വണ്‍ ഡൗണായി ക്രീസിലെത്തിയ ഇഷാന്റെ സമ്പാദ്യം.
Content Highlight: Akash Chopra talks about Sanju Samson and his spot in Indian T20I team