ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പുതിയ നായകനായി യുവതാരം ശുഭ്മന്‍ ഗില്ലിനെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ഈ മാസം തുടക്കത്തില്‍ നിലവിലെ ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മ റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെയാണ് ഇന്ത്യന്‍ ടീമിന് പുതിയ ക്യാപ്റ്റനെത്തുന്നത്. ജൂണ്‍ അവസാനം നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലാണ് വെള്ള കുപ്പായത്തില്‍ ക്യാപ്റ്റനായി ഗില്‍ കളത്തിലിറങ്ങുക.
ഇപ്പോള്‍ ഗില്‍ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. വളരെ പ്രതീക്ഷയോടെയും വിശ്വാസത്തോടെയുമാണ് ഗില്ലിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യയ്ക്ക് പുറത്ത് ഗില്ലിന്റേത് മികച്ച പ്രകടനങ്ങള്‍ അല്ലെങ്കിലും ഇന്ത്യയുടെ ഭാവി സുരക്ഷിതമാക്കാന്‍ കഴിയുന്ന വ്യക്തിയാണെന്ന് താരം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.
‘ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് പ്രധാനപ്പെട്ട കാര്യം. വളരെ പ്രതീക്ഷയോടെയും വിശ്വാസത്തോടെയുമാണ് അവനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചത്. നമ്മള്‍ ഇതുവരെ അവന്റെ മികച്ച പ്രകടനങ്ങള്‍ കണ്ടിട്ടില്ല. അവന്‍ മൊത്തത്തില്‍ 35 ശരാശരിയും ഏഷ്യയ്ക്ക് പുറത്ത് 25 ആവറേജുമാണുള്ളത്.
ഇത് അത്ര മികച്ച സ്റ്റാറ്റസ് അല്ല. പക്ഷേ, ഗില്ലിനെ നോക്കുമ്പോള്‍ നമ്മുടെ ഭാവി സുരക്ഷിതമാക്കാന്‍ കഴിയുന്ന വ്യക്തി അവന്‍ ആണെന്ന് തോന്നും. മൂന്ന് വര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ മൂന്ന് മത്സരങ്ങള്‍ മാത്രമേ അവന്‍ കളിച്ചിട്ടുള്ളൂ. അതിനാല്‍ ഗില്‍ അവിടെ അധികം ക്രിക്കറ്റ് കളിച്ചിട്ടില്ല. എന്നിരുന്നാലും, അവന്‍ അവിടെ ക്യാപ്റ്റനായി പോകുകയും ഒരു പുതിയ കഥ എഴുതാന്‍ ശ്രമിക്കുകയും ചെയ്യും,’ ചോപ്ര പറഞ്ഞു.
ഇന്ത്യക്കായി ടെസ്റ്റില്‍ ഗില്‍ 32 മത്സരങ്ങളില്‍ നിന്ന് 1893 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ച് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. റെഡ് ബോളില്‍ താരത്തിന് 35.05 ആവറേജും 59.92 സ്ട്രൈക്ക് റേറ്റുമാണുള്ളത്.
Content Highlight: Akash Chopra talks about Indian Test Captain Shubhman Gill