ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ബരാബതി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 33 പന്ത് അവശേഷിക്കെ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഇംഗ്ലണ്ട് നേടിയ 304 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടി മറികടക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത് രോഹിത് ശര്‍മയാണ്. 90 പന്തില്‍ നിന്ന് ഏഴ് കൂറ്റന്‍ സിക്സറുകളും 12 ഫോറും ഉള്‍പ്പെടെ 119 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ കളത്തില്‍ താണ്ഡവമാടിയത്. ഇതോടെ ഏകദിനത്തില്‍ തന്റെ 32ാം സെഞ്ച്വറി നേടാനും രോഹിത്തിന് സാധിച്ചിരുന്നു. മാത്രമല്ല മത്സരത്തിലെ താരമാകാനും രോഹിത്തിന് കഴിഞ്ഞു. ഏറെ കാലങ്ങള്‍ക്ക് ശേഷം ഫോമിലേക്ക് എത്തിയ രോഹിത് വിമര്‍ശനങ്ങള്‍ക്കുള്ള മികച്ച മറുപടിയാണ് നല്‍കിയത്.
‘ഞങ്ങള്‍ മത്സരം വിജയിക്കുമ്പോള്‍ അത് നല്ലത് തന്നെയാണ്. പക്ഷെ രോഹിത് ശര്‍മ സെഞ്ച്വറി നേടുമ്പോള്‍ അതിലും മികച്ചതാണ്. രോഹിത് ശര്‍മ ഫോമിലേക്ക് മടങ്ങിയെത്തുന്നതാണ് ഏറ്റവും വലിയ ഹെഡ് ലൈന്‍. അതിന് നിരവധി വശങ്ങളുണ്ട്, ഏറ്റവും മോശം ഫോമില്‍ കളിച്ചിരിക്കുന്ന താരം മികച്ച സെഞ്ച്വറി നേടിയാണ് വരവറിയിച്ചത്.
രോഹിത് ഫോമില്‍ അല്ലാത്ത സമയത്ത് എല്ലാവരും അവനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. നാഗ്പൂരില്‍ നടന്ന ആദ്യ മത്സരത്തില്‍ രോഹിത് നിരാശപെടുത്തിയപ്പോള്‍ അവനെ പുറത്താക്കാന്‍ ആളുകള്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം മനോഹരമായി കളിച്ചു. 25 ഓവറുകള്‍ക്ക് ഇപ്പുറം ക്രീസില്‍ പിടിച്ചുനിന്നപ്പോള്‍ തന്നെ ഫോമിലേക്ക് വന്നു എന്ന് നമുക്ക് അറിയാമായിരുന്നു,’ ആകാശ് ചോപ്ര.
ന്യൂസിലാന്‍ഡിനെതിരെയുള്ള ഹോം ടെസ്റ്റ് മുതല്‍ രോഹിത് കഷ്ടപ്പെടുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തിലും രോഹിത്തിന് തിളങ്ങാന്‍ കഴിഞ്ഞില്ല. ഇതോടെ വലിയ വിമര്‍ശനങ്ങള്‍ രോഹിത് നേരിടേണ്ടി വന്നിരുന്നു.
2024 മുതല്‍ 2025 വരെയുള്ള ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് മത്സരത്തില്‍ 6, 5, 23, 8, 2, 52, 0, 8, 18, 11, 3, 6, 10, 3, 9, 2,119 എന്നിങ്ങനെയാണ് രോഹിത്തിന്റെ കഴിഞ്ഞ ഇന്നിങ്‌സിലെ പ്രകടനം. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചാണ് രോഹിത് സെഞ്ച്വറി നേടി തിരിച്ചുവരവ് അറിയിച്ചത്.
Content Highlight: Akash Chopra Talking Rohit Sharma