ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ടോസ് ചെയ്യുന്നതും ബൗളര്‍മാരെ നിയന്ത്രിക്കുന്നതും മാത്രമല്ല ക്യാപ്റ്റന്റെ ജോലിയെന്നും ടോപ്പ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുമ്പോള്‍ റണ്‍സ് നേടണമെന്നും ചോപ്ര പറഞ്ഞു. കഴിഞ്ഞ 17 ഇന്നിങ്‌സില്‍ നിന്ന് മോശം ശരാശരിയും മോശം റണ്‍സും സ്‌ട്രൈക്ക്‌റേറ്റുമാണ് ഗില്‍ നേടുന്നതെങ്കില്‍ വലിയ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നിങ്ങളാണ് ക്യാപ്റ്റന്‍, ടോസ് ചെയ്യുന്നതും ബൗളര്‍മാരെ നിയന്ത്രിക്കുന്നതും മാത്രമല്ല ക്യാപ്റ്റന്റെ ജോലി. പ്ലാനിങ് മാത്രമല്ല ചെയ്യേണ്ടത്. നിങ്ങള്‍ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുമ്പോള്‍, റണ്‍സ് നേടുക എന്നതാണ് നിങ്ങളുടെ പ്രധാന ജോലി.
17 ഇന്നിങ്സുകളില്‍ നിന്ന് 14 എന്ന മോശം ശരാശരിയും മോശം റണ്‍സും സ്‌ട്രൈക്ക് റേറ്റുമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അത് ആശങ്കാജനകമാണ്. നിങ്ങള്‍ ഒരു ഫിഫ്റ്റി പോലും നേടിയിട്ടില്ല, രണ്ടുതവണ 25 റണ്‍സ് കടന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ യാതൊരു സംശയവുമില്ല, അദ്ദേഹം ലോകകപ്പില്‍ ഇന്ത്യയെ നയിക്കും. എന്നിരുന്നാലും, അദ്ദേഹം റണ്‍സ് നേടേണ്ടത് അനിവാര്യമാണ്.
മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ ബാറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ റണ്‍സ് നേടുന്നില്ലെങ്കില്‍, ലോകകപ്പ് ആരംഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം കുറയും. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും റണ്‍സ് നേടാനുള്ള വഴി കണ്ടെത്തണം,’ ചോപ്ര പറഞ്ഞു.
പ്രോട്ടിയാസിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തില്‍ നിന്നും സൂര്യകുമാര്‍ യാദവ് മോശം പ്രകടനമാണ് നടത്തിയത്. ആദ്യ മത്സരത്തില്‍ 12 റണ്‍സും രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സുമായിരുന്നു താരം നേടിയത്.
അതേസമയം ടി-20യില്‍ കഴിഞ്ഞ 20 മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി നേടാന്‍ പോലും ക്യാപ്റ്റന്‍ സൂര്യയ്ക്ക് സാധിച്ചിട്ടില്ല. ക്യാപ്റ്റന്‍ എന്ന നിലയില്‍ മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ടെങ്കിലും ബാറ്റര്‍ എന്ന നിലയില്‍ താരം അമ്പെ പരാജയപ്പെടുകയായിരുന്നു.
Content Highlight: Akash Chopra Talking About Suryakumar Yadav