| Thursday, 6th November 2025, 12:11 pm

സഞ്ജുവിന്റെ കാര്യത്തില്‍ എന്ത് തീരുമാനിച്ചു എന്നതാണ് ഏറ്റവും വലിയ ചോദ്യം: ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടി – 20 മത്സരം ഇന്ന് അരങ്ങേറും. കരാരയിലെ ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയമാണ് മത്സരം നടക്കുന്നത്. പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പമാണ്. അതിനാല്‍ തന്നെ പരമ്പരയില്‍ മുന്നിലെത്താന്‍ ഈ മത്സരത്തില്‍ ഇരു ടീമിനും നിര്‍ണായകമാണ്.

എന്നാല്‍ മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഇന്ത്യ ടീമില്‍ എടുക്കുമോ എന്ന് കണ്ടറിയണം. ഓസീസിനെതിരായ മൂന്നാം മത്സരത്തില്‍ സഞ്ജുവിന് പകരം ജിതേഷ് ശര്‍മ ടീമില്‍ ഇടം നേടിയിരുന്നു. അടുത്ത കാലത്തായി ഓപ്പണിങ് പൊസിഷനില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജുവിന്റെ കാര്യത്തില്‍ അനിശ്ചിതത്വം വന്നത് വൈസ്‌ക്യാപ്റ്റന്‍ കം ഓപ്പണറായി ശുഭ്മന്‍ ഗില്‍ വന്നതോടെയാണ്.

ഇപ്പോള്‍ സഞ്ജുവിനെക്കുറിച്ച് സംസാരിക്കുകയാണ് ക്രിക്കറ്റ് കമന്റേറും മുന്‍ ക്രിക്കറ്റ് താരവുമായ ആകാശ് ചോപ്ര. സഞ്ജുവിന്റെ കാര്യത്തില്‍ എന്ത് തീരുമാനമാണ് ഇന്ത്യന്‍ ടീമിനെടുക്കുക എന്നതാണ് ഏറ്റവും വലിയ ചോദ്യമെന്ന് ചോപ്ര പറഞ്ഞു. മാത്രമല്ല സഞ്ജുവിനെ ഓപ്പണിങ്ങില്‍ മാത്രം ഇറക്കാനും ഇല്ലെങ്കില്‍ ജിതേഷിനെ കളിപ്പിക്കാനും ചോപ്ര പറഞ്ഞു.

‘സഞ്ജുവിന്റെ കാര്യത്തില്‍ എന്ത് തീരുമാനിച്ചു എന്നതാണ് ഏറ്റവും വലിയ ചോദ്യം. സഞ്ജു എന്തുകൊണ്ടാണ് കളിക്കാത്തത് എന്നത് വലിയ ഒരു ചോദ്യമാണ്. സഞ്ജുവിനെ കളിക്കാന്‍ അനുവദിച്ചപ്പോള്‍ അവന്‍ മാന്യമായ റിസള്‍ട്ട് തന്നു. അവന്‍ അസാധാരണമായ പ്രകടനം കാഴ്ചവച്ചു എന്ന് ഞാന്‍ പറയില്ല, പക്ഷേ അവന്‍ കുഴപ്പമില്ലായിരുന്നു. ഒമാനെതിരെ ബാറ്റ് ചെയ്യാന്‍ നിങ്ങള്‍ അവനെ നിര്‍ബന്ധിച്ചു, അവന്‍ ഒരു അധര്‍ സെഞ്ച്വറി നേടി.

ഏഷ്യാ കപ്പില്‍ അവന്‍ കുറച്ച് റണ്‍സ് നേടി. അദ്ദേഹത്തിന് ഡൗണ്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമെന്ന് മാത്രമാണ് നിങ്ങള്‍ ഞങ്ങളോട് പറഞ്ഞത്. എന്നാല്‍ നിങ്ങള്‍ സഞ്ജുവിനെ ഓപ്പണറായി മാത്രം ഇറക്കൂ. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ജിതേഷിനെ കളിപ്പിക്കൂ. ഇതാണ് എന്റെ നിലപാട്. സഞ്ജുവിനെ കളിപ്പിക്കുമെന്നും നന്നായി പരിപാലിക്കാന്‍ കഴിയുമെന്നും നിങ്ങള്‍ പറഞ്ഞു, ഇപ്പോള്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയാം. ഞങ്ങള്‍ അതിനെ ബഹുമാനിച്ചു,’ ചോപ്ര പറഞ്ഞു.

2023 മുതല്‍ ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മന്‍ ഗില്‍ 30 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അതില്‍ 747 റണ്‍സാണ് താരം നേടിയത്. 28.73 എന്ന ആവറേജിലാണ് താരം റണ്‍സ് സ്‌കോര്‍ ചെയ്തത്. മാത്രമല്ല 141.20 എന്ന സ്ട്രൈക്ക് റേറ്റാണ് ഗില്ലിനുള്ളത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമാണ് താരത്തിനുള്ളത്. അതേസമയം സഞ്ജു സാംസണ്‍ 2023 മുതല്‍ വെറും 13 മത്സരങ്ങളില്‍ നിന്ന് 417 റണ്‍സാണ് സ്വന്തമാക്കിയത്. 34.75 എന്ന ആവറേജിലാണ് താരത്തിന്റെ സ്‌കോറിങ്. 183.89 എന്ന മികച്ച സ്ട്രൈക്ക് റേറ്റും സഞ്ജു നേടി. മൂന്ന് സെഞ്ച്വറികളാണ് താരം അടിച്ചിട്ടത്.

നിലവില്‍ ഓസീസിനെതിരെ നടക്കുന്ന ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 10 പന്തില്‍ അഞ്ച് റണ്‍സും മൂന്നാം മത്സരത്തില്‍ 12 പന്തില്‍ 15 റണ്‍സുമാണ് ഗില്‍ നേടിയത്. ഗില്ലിന്റെ മോശം പ്രകടനം തുടര്‍ന്നാല്‍ സഞ്ജുവിനെ ഓപ്പണിങ് സ്ഥാനത്തേക്ക് വീണ്ടും പരിഗണിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ആലോചിക്കുമോ എന്നത് കണ്ടറിയണം.

Content Highlight: Akash Chopra Talking About Sanju Samson

We use cookies to give you the best possible experience. Learn more