| Wednesday, 3rd September 2025, 9:14 am

ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെയാണ് വേണ്ടതെങ്കില്‍ അവനെ തെരഞ്ഞെടുക്കാം; നിര്‍ദേശവുമായി ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

2025ലെ ഏഷ്യാ കപ്പിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ആരെല്ലാം സ്ഥാനം നേടുമെന്നാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം. ടീമില്‍ ശുഭ്മന്‍ ഗില്ലിന്റെ വരവോടെ തുലാസിലായ സഞ്ജുവിന്റെ സ്ഥാനവും ഇപ്പോള്‍ ചോദ്യ ചിഹ്നമാണ്.

ഇതോടെ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. സഞ്ജു ഫസ്റ്റ് ചോയിസ് താരമാണെന്നും എല്ലാ ടി-20 മത്സരങ്ങളിലും ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുമ്പോള്‍ 140 സ്‌ട്രൈക്ക് റേറ്റിലും 33 ശരാശരിയിലും സഞ്ജു 6,000ത്തിലധികം റണ്‍സ് നേടിയിട്ടുണ്ടെന്നും ചോപ്ര പറഞ്ഞു. എന്നാല്‍ താരത്തിന് മിഡ് ഓര്‍ഡറില്‍ മികവുള്ള പ്രകടനമില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ആകാശ് ചോപ്ര സഞ്ജുവിന്റെ സ്ഥാനത്തെക്കുറിച്ച് പറഞ്ഞത്‌

‘സഞ്ജു സാംസണ്‍ മുന്‍നിരയിലുണ്ട്. അവസാന 12 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികള്‍ നേടിയ അദ്ദേഹം നിലവില്‍ ടീമിന്റെ ഭാഗമാണ്. സ്വാഭാവികമായും, പരിഗണിക്കേണ്ട ആദ്യ കളിക്കാരനാണ് അദ്ദേഹം. എല്ലാ ടി-20 മത്സരങ്ങളിലും ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുമ്പോള്‍ 140 സ്‌ട്രൈക്ക് റേറ്റിലും 33 ശരാശരിയിലും അദ്ദേഹം 6,000ത്തിലധികം റണ്‍സ് നേടിയിട്ടുണ്ട്. ആ ബാറ്റിങ് സ്ഥാനങ്ങള്‍ക്ക് അവ ശ്രദ്ധേയമായ സംഖ്യകളാണ്.

ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെയാണ് വേണ്ടതെങ്കില്‍ സഞ്ജു സാംസണ്‍ തീര്‍ച്ചയായും ഒരു ശക്തനായ സ്ഥാനാര്‍ത്ഥിയാണ്. എന്നിരുന്നാലും നാല് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ഞാന്‍ പരിശോധിക്കുമ്പോള്‍ അദ്ദേഹം 98 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്, ശരാശരി വെറും 20ഉം 126 എന്ന സ്‌ട്രൈക്ക് റേറ്റും.

അവിടെ സ്‌ട്രൈക്ക് റേറ്റോ ശരാശരിയോ അത്ര മികച്ചതായി തോന്നുന്നില്ല. സാംസണ്‍ മുകളില്‍ ബാറ്റ് ചെയ്താല്‍ ഒരു മുന്‍നിരക്കാരനാകും, എന്നാല്‍ നിങ്ങള്‍ അദ്ദേഹത്തെ ഓര്‍ഡര്‍ താഴേക്ക് നീക്കുമ്പോള്‍ അദ്ദേഹത്തിന്റെ മികവ് കുറയുന്നു,’ ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

2025 ഏഷ്യാ കപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

Content Highlight: Akash Chopra Talking About Sanju Samson

Latest Stories

We use cookies to give you the best possible experience. Learn more