| Wednesday, 7th January 2026, 10:47 am

2024 മുതല്‍ പന്ത് ഏകദിന ക്രിക്കറ്റില്‍ കളിച്ചിട്ടില്ല, എന്നിട്ടും ടീമില്‍ തുടരുന്നു: ആകാശ് ചോപ്ര

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്തിന് പിന്തുണയുമായി ആകാശ് ചോപ്ര. 2024 മുതല്‍ റിഷബ് പന്ത് ഏകദിന ക്രിക്കറ്റില്‍ കളിച്ചിട്ടില്ലെന്നും അവസരങ്ങള്‍ നല്‍കാതെയാണ് താരത്തെ ടീമില്‍ നിലനിര്‍ത്തുന്നതെന്നും ചോപ്ര പറഞ്ഞു. ടീം മാനേജ്‌മെന്റ് അദ്ദേഹത്തിന്റെ കഴിവില്‍ വിശ്വസിക്കുന്നതുകൊണ്ടാണ് താരത്തെ ടീമില്‍ നിലനിര്‍ത്തുന്നതെന്നും ഒടുവില്‍ അവസരം വരുമ്പോള്‍ പന്തിനെ തെരഞ്ഞെടുക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘2024 മുതല്‍ റിഷബ് പന്ത് ഏകദിന ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. എന്നിട്ടും അദ്ദേഹം ടീമില്‍ തുടരുന്നു. ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഒരു ക്രിക്കറ്റ് കളിക്കാരനാണ് അദ്ദേഹം. ഏകദിനങ്ങളിലും ടി-20യിലും അദ്ദേഹത്തിന്റെ പ്രകടനം മെച്ചപ്പെട്ടിട്ടില്ല എന്നത് സത്യമാകും.

റിഷബ് പന്ത്- Photo: Times of india.com

പക്ഷെ 2024 മുതല്‍ ഒരു മത്സരം പോലും അദ്ദേഹത്തിന് നല്‍കാതെയാണ് ടീമില്‍ നിലനിര്‍ത്തുന്നത്. ടീം മാനേജ്‌മെന്റ് അദ്ദേഹത്തിന്റെ കഴിവില്‍ വിശ്വസിക്കുന്നതുകൊണ്ടാണത്. ഒടുവില്‍ അവസരം വരുമ്പോള്‍, അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നില്ല,’ ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ന്യൂസിലാന്‍ഡിനെതിരെ ജനുവരി 11 ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ പന്ത് ഇടം നേടിയിട്ടുണ്ട്. കെ.എല്‍. രാഹുലും പന്തുമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി സ്‌ക്വാഡിലുള്ളത്. എന്നിരുന്നാലും ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറാകാന്‍ സാധ്യതയുള്ളത് രാഹുലാണ്. ബാറ്റിങ്ങിലും കീപ്പിങ്ങിലും മികച്ച പ്രകടനമാണ് താരം നിലവില്‍ കാഴ്ചവെക്കുന്നത്.

അതേസമയം ഏകദിന ക്രിക്കറ്റില്‍ 2024ല്‍ ആണ് പന്ത് അവസാനമായി കളിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ നാലാമനായി ഇറങ്ങിയ പന്ത് ആറ് റണ്‍സിന് പുറത്താകുകയായിരുന്നു. ഫോര്‍മാറ്റില്‍ 27 ഇന്നിങ്‌സില്‍ നിന്ന് 871 റണ്‍സാണ് താരം ഇതുവരെ നേടിയത്. 125* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്.

ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍* (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, റിഷാബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാള്‍

*ഫിറ്റ്നസ് ക്ലിയറന്‍സിന് വിധേയം

Content Highlight: Akash Chopra Talking About Rishabh Pant

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more