2025ലെ ഏഷ്യാ കപ്പിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ആരെല്ലാം സ്ഥാനം നേടുമെന്നാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം. ടീമില്‍ ശുഭ്മന്‍ ഗില്ലിന്റെ വരവോടെ തുലാസിലായ സഞ്ജുവിന്റെ സ്ഥാനവും ഇപ്പോള്‍ ചോദ്യ ചിഹ്നമാണ്. മാത്രമല്ല സ്‌ക്വാഡില്‍ ഇടം നേടിയ ജിതേഷ് ശര്‍മ പ്ലെയിങ് ഇലവനില്‍ സ്ഥാനം നേടുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകനും കമന്റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത്.
സഞ്ജു സാംസണെ പരിഗണിക്കാന്‍ സാധ്യതയുള്ളത് ടോപ് ഓര്‍ഡറില്‍ ആയിരിക്കുമെന്നും എന്നാല്‍ ഗില്ലിന്റെ വരവ് കാരണം സഞ്ജുവിന്റെ സ്ഥാനം മിഡ് ഓര്‍ഡറിലാകാന്‍ സാധ്യതയുണ്ടെന്ന് ചോപ്ര നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മിഡ് ഓര്‍ഡറില്‍ സഞ്ജുവിനേക്കാള്‍ മികവ് ജിതേഷിനുള്ളതിനാല്‍ ഇലവനില്‍ താരത്തെ തെരഞ്ഞെടുത്തേക്കുമെന്ന് ചോപ്ര പറഞ്ഞു.
‘ജിതേഷ് ശര്‍മ പ്ലെയിങ് ഇലവനില്‍ ഇടം നേടുമെന്ന് എനിക്ക് തോന്നുന്നു. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ അധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ല, അവിടെ അവസരം ലഭിക്കാന്‍ സാധ്യതയില്ല. എന്നാല്‍ നാല് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. 166 എന്ന സ്‌ട്രൈക്ക് റേറ്റും 28 എന്ന ശരാശരിയും അവനുണ്ട്. 150ല്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ള ആ ശ്രേണിയിലെ ആദ്യത്തെ ബാറ്ററാണ് അവന്‍.
അതിനാല്‍ ബാറ്റിങ് ഓര്‍ഡര്‍ തീരുമാനിക്കുമ്പോള്‍ അവന്‍ ഏറ്റവും മുകളിലായിരിക്കും. എല്ലാ കളിക്കാരില്‍ നിന്നും ജിതേഷ് ശര്‍മയുടെ സ്ഥിതിവിവരക്കണക്കുകള്‍ വ്യത്യസ്തമാണ്. അവന്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. വ്യക്തമായ മുന്‍നിരക്കാരനാണെന്ന് തോന്നുന്നു. ഏഷ്യാ കപ്പില്‍ അവന്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാന്‍ ശരിക്കും പ്രതീക്ഷിക്കുന്നു,’ ചോപ്ര പറഞ്ഞു.
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.
Content Highlight: Akash Chopra Talking About Jithesh Sharma