2025 ഏഷ്യാ കപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ടൂര്‍ണമെന്റിനായുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തെരഞ്ഞെടുക്കുന്നതിനായി സെലക്ഷന്‍ കമ്മറ്റി നാളെ (ഓഗസ്റ്റ് 19) മുംബൈയില്‍ യോഗം ചേരും. ഇതോടെ ഏതെല്ലാം താരങ്ങളെയാണ് ഇന്ത്യ തങ്ങളുടെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
ടീമില്‍ ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറ ഇടം പിടിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരും സെലക്ഷന്‍ പാനലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചില റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ബുംറയെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര.
ബുംറയെപ്പോലൊരു ബൗളര്‍ ഇനിയുണ്ടാകുകയില്ലെന്നും എന്നാല്‍ താരത്തെ വിരമിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ചോപ്ര പറഞ്ഞു. എത്ര കാലം ബുംറ കളിക്കുന്നുവോ അത്രയും കാലം അവനെ നന്നായി ശ്രദ്ധിക്കണമെന്നും നിലവാരത്തിലുള്ള ഒരു കളിക്കാരന്‍ ലഭ്യമാണെങ്കില്‍, കഴിയുമ്പോഴെല്ലാം അദ്ദേഹത്തെ കളിപ്പിക്കണമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘ബുംറയെപ്പോലൊരു ബൗളര്‍ ഇനിയുണ്ടാകുകയില്ല, എന്നാല്‍ അവനെ നേരത്തെ വിരമിക്കാന്‍ നിര്‍ബന്ധിക്കരുത്. അവന്‍ കോഹിനൂര്‍ രത്‌നമാണ്. ഇന്ത്യയ്ക്ക് വേണ്ടി എത്രത്തോളം കളിക്കുന്നുവോ അത്രയും നല്ലതാണ്. അവന്‍ അധികം ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമെന്ന് ഞാന്‍ എനിക്ക് തോന്നുന്നില്ല.
പക്ഷേ എത്ര കാലം അവന്‍ കളിക്കുന്നുവോ, അത്രയും കാലം അവനെ നന്നായി ശ്രദ്ധിക്കേണം. എന്ത് തന്നെയാണെങ്കിലും തീരുമാനം അദ്ദേഹത്തിന്റെതാണ്. അത് ശരിയോ തെറ്റോ ആകട്ടെ. അത്രയും നിലവാരത്തിലുള്ള ഒരു കളിക്കാരന്‍ ലഭ്യമാണെങ്കില്‍, കഴിയുമ്പോഴെല്ലാം അദ്ദേഹത്തെ കളിപ്പിക്കണം,’ ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിനുള്ള വാമപ്പ് കൂടിയായിരിക്കും ഇത്തവണത്തെ ഏഷ്യാ കപ്പ്. ഇന്ത്യയും പാകിസ്ഥാനും ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പില്‍ തന്നെയാണെന്നതും ആരാധകര്‍ക്ക് ആവേശം സൃഷ്ടിക്കുന്ന ഒന്നാണ്. ഗ്രൂപ്പ് ഘട്ടവും ഫൈനലുമടക്കം മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.
അതേസമയം ടെന്‍ഡുല്‍ക്കര്‍-ആന്‍ഡേഴ്‌സന്‍ ട്രോഫിയില്‍ മൂന്ന് മത്സരത്തില്‍ മാത്രമാണ് ജസ്പ്രീത് ബുംറ കളത്തിലിറങ്ങിയത്. താരത്തിന്റെ വര്‍ക്ക് ലോഡ് ക്രമീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. പരമ്പരയ്ക്ക് മുമ്പ് തന്നെ ബുംറ മൂന്ന് മത്സരത്തില്‍ മാത്രമേ കളിക്കൂ എന്ന് വ്യക്തമാക്കിയിരുന്നു.
Content Highlight: Akash Chopra Talking About Jasprit Bumrah