| Sunday, 19th January 2025, 2:59 pm

മൂന്ന് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരാണുള്ളത്, ഇന്ത്യ ബൗളര്‍മാരില്‍ ആത്മവിശ്വാസം കാണിക്കേണ്ടതുണ്ട്; തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്.

മലയാളി താരം സഞ്ജു സാംസനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതും ഹര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായി നിയമിക്കാത്തതിലും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും തമ്മില്‍ തകര്‍ക്കം ഉണ്ടായിരുന്നു. ക്യാപ്റ്റന്‍ രോഹിത്തും അഗാര്‍ക്കറും പരിഗണന കൊടുത്തത് ശുഭ്മന്‍ ഗില്ലിനും റിഷബ് പന്തിനുമാണ്.

ഇതോടെ സ്‌ക്വാഡിനെച്ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യയുടെ സ്‌ക്വാഡില്‍ മൂന്ന് സ്പിന്‍ ഓള്‍ റൗണ്ടര്‍മാരെ തെരെഞ്ഞെടുത്തതില്‍ ചോദ്യമുന്നയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. അക്‌സര്‍ പട്ടേലിനെയും രവീന്ദ്ര ജഡേജയെയും വാഷിങ്ടണ്‍ സുന്ദറിനെയും സ്‌ക്വാഡി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ടീമില്‍ ഒരു പേസ് ബൗളറോ അല്ലെങ്കില്‍ സ്പിന്‍ ബൗളറോ ഉണ്ടാവേണ്ടാതായിരുന്നെന്ന് പറയുകയാണ് ചോപ്ര.

‘നിങ്ങളുടെ ബാറ്റിങ് ശക്തിപ്പെടുത്താന്‍ നിങ്ങള്‍ അക്‌സര്‍ പട്ടേലിനെയും രവീന്ദ്ര ജഡേജയെയും വാഷിങ്ടണ്‍ സുന്ദറിനെയും തെരഞ്ഞെടുത്തു. എന്നിരുന്നാലും മറ്റൊരു ഫാസ്റ്റ് ബൗളറെ കൂടി ഉള്‍പ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നു. നിങ്ങള്‍ക്ക് ഒരു സ്പിന്നറെ ആവശ്യമുണ്ടെങ്കില്‍ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു മികച്ച ഓപ്ഷന്‍. മൂന്ന് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരും ഇടംകൈയ്യന്‍ ബാറ്റ് ചെയ്യുന്നു,

മൂന്ന് പേരും അമ്പത് ഓവര്‍ ഫോര്‍മാറ്റിലെ പ്രതിരോധ ഓപ്ഷനുകളാണ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ചെയ്തത് നമ്മള്‍ കണ്ടു. എട്ടാം നമ്പറില്‍ ഒരു ബാറ്റര്‍ ആവശ്യമായിരുന്നു, അതിനാല്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന ബൗളര്‍മാരെ ഞങ്ങള്‍ തെരഞ്ഞെടുത്തു. ഇത് ശരിയല്ല, കാരണം നിങ്ങളുടെ ബൗളിങ്ങില്‍ നിങ്ങള്‍ ആത്മവിശ്വാസം കാണിക്കേണ്ടതുണ്ട്, കാരണം അവര്‍ നിങ്ങള്‍ക്കായി വിക്കറ്റ് വീഴ്ത്തും,’ ആകാശ് ചോപ്ര പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.

Content Highlight: Akash Chopra Talking About Indian Team Squad Of 2025 Champions Trophy

We use cookies to give you the best possible experience. Learn more