ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് ഷമിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരംവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ജനുവരി 11ന് ന്യൂസിലാന്‍ഡിനെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഷമിയെ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ചോപ്രയുടെ പ്രതികരണം. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലരും തന്നോട് ഷമിക്ക് എന്ത് പറ്റിയെന്ന് ചോദിക്കാറുണ്ടെന്നും, ബി.സി.സി.ഐ ഷമിയെ പരിഗണിക്കുന്നില്ലെന്നാണ് അവര്‍ക്ക് താന്‍ മറുപടി നല്‍കാറുള്ളതെന്നും ചോപ്ര പറഞ്ഞു. ഷമിയുമായി ഒരു രീതിയിലുമുള്ള ആശയവിനിമയവും മാനേജ്‌മെന്റ് നടത്തുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും ഷമിയെ തടുക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു നിര്‍ത്തി.
‘മുഹമ്മദ് ഷമിക്ക് എന്ത് സംഭവിച്ചെന്ന് ചിലര്‍ എന്നോട് ചോദിക്കുന്നു. അവര്‍ (ബി.സി.സി.ഐ) ഷമിയെ നിലവില്‍ പരിഗണിക്കുന്നില്ല എന്നാണ് അവരോട് എനിക്ക് പറയാനുള്ളത്. ഷമിയുമായി ഒരു രീതിയിലുമുള്ള ആശയവിനിമയവും നടത്തുന്നില്ല. ഒരു കാര്യവും നടക്കുന്നില്ല, ആ കാര്യം കഴിഞ്ഞെന്ന് തോന്നുന്നു.
ഷമി വിജയ് ഹസാരെയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും രഞ്ജീ ട്രോഫിയിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഐ.പി.എല്ലിലും അദ്ദേഹത്തിന് ഭേദപ്പെട്ട സീസണുണ്ടായിരുന്നു. എനിക്ക് ഒന്നേ പറയാനുള്ള ആര്‍ക്കും അവനെ തടയാനാകില്ല,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
2025ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് മുഹമ്മദ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്. ടൂര്‍ണമെന്റില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടും പിന്നീട് താരത്തിന് അവസരങ്ങള്‍ ലഭിച്ചില്ല. ഫിറ്റ്‌നസ് ഇല്ലെന്ന് പറഞ്ഞാണ് ഷമിക്ക് അവസരങ്ങള്‍ ലഭിക്കാതിരുന്നത്. ഇതില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ അവസരം ലഭിക്കാതിരുന്ന ഷമി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. പിന്നാലെ വിജയ് ഹസാരെയില്‍ താരം തിളങ്ങുകയാണ്. ഇരു ടൂര്‍ണമെന്റിലും താരം 17 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ 107 ഇന്നിങ്സില്‍ നിന്ന് 206 വിക്കറ്റുകളാണ് ഷമി ഇന്ത്യയ്ക്ക് വേണ്ടി നേടിയത്.
Content Highligh: Akash Chopra Talking About Indian Pacer Mohammed Shami