| Wednesday, 27th August 2025, 2:48 pm

അഞ്ച് വിജയം, എട്ട് തോല്‍വി; ഗംഭീറിന്റെ വിജയശതമാനം മികച്ചതല്ലെന്ന് ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും ടെസ്റ്റ് വിരമിക്കലിന് ശേഷം ഇന്ത്യ തങ്ങളുടെ യുവ ടീമുമായാണ് ഇംഗ്ലണ്ട് പര്യടനത്തിന് വിമാനം കയറിയത്. തുടരെ ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ട ഇന്ത്യ ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര സമനിലയിലാക്കി.

ഇത് ഏറെ ആശ്വാസം നല്‍കിയത് ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനാണ്. ഹോം ഗ്രൗണ്ടില്‍ ന്യൂസിലാന്‍ഡിനെതിരെ പരമ്പര നഷ്ടമായതും ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ പരാജയപ്പെട്ടതും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താന്‍ സാധിക്കാത്തതും ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഗംഭീറിനെ ഇന്ത്യയുടെ ടെസ്റ്റ് പരിശീലക സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ഇപ്പോഴും വാദിക്കുന്നവരുണ്ട്. ഇതിനിടയില്‍ ഗംഭീറിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര.

ഗംഭീര്‍ 15 ടെസ്റ്റുകളില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ആയെന്നും എന്നാല്‍ എട്ട് പരാജയവും അഞ്ച് വിജയവും ഉള്‍പ്പെടെ 33.33 വിജയശതമാനം മാത്രമാണ് അദ്ദേഹത്തിനുള്ളതെന്നും ചോപ്ര ചൂണ്ടിക്കാട്ടി. ഈ വിജയശതമാനം അത്ര മികച്ചതല്ലെന്നും എന്നാല്‍ ടീം പരിവര്‍ത്തനത്തിന്റെ ഘട്ടത്തിലാണെന്നും നിലവില്‍ ഇന്ത്യയുടേത് മികച്ച യുവ ടീം ആണെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

‘ഗൗതം ഗംഭീര്‍ 15 ടെസ്റ്റുകളില്‍ മുഖ്യ പരിശീലകനായിരുന്നു. അതില്‍ ഇന്ത്യ അഞ്ച് മത്സരം വിജയിച്ചു. എട്ട് എണ്ണം പരാജയപ്പെട്ടു, രണ്ട് എണ്ണം സമനിലയില്‍ അവസാനിച്ചു. വിജയ ശതമാനം 33.33 ആണ്, അത് അത്ര മികച്ചതല്ല. എന്നിരുന്നാലും, ടെസ്റ്റ് ക്രിക്കറ്റില്‍ ടീം ഒരു പരിവര്‍ത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

ന്യൂസിലാന്‍ഡിനെതിരായ ഫലം അതിശയിപ്പിക്കുന്നതായിരുന്നു, ഇന്ത്യ പരാജയപ്പെട്ടു. അത് മോശമായിരുന്നു. നിങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് പോയി, വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും ടെസ്റ്റ് കരിയര്‍ അവിടെ അവസാനിച്ചു. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പാണ് അവര്‍ വിരമിച്ചത്.

ടീമിലെ പരിവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഇംഗ്ലണ്ടില്‍ ഒരു യുവ ടീം പരമ്പര സമനിലയിലാക്കി. ഒരു പുതിയ നായകന്‍ 750 റണ്‍സ് നേടി, കെ.എല്‍. രാഹുല്‍ ഓപ്പണറായി തന്റെ സ്ഥാനം ഉറപ്പിച്ചു. ഡബ്ല്യു.ടി.സി (വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്) ഫൈനലില്‍ എത്താന്‍ കഴിയാത്തത് നല്ലതല്ല, പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ മികവുള്ളതായി കാണപ്പെടുന്നു,’ ചോപ്ര പറഞ്ഞു.

Content Highlight: Akash Chopra Talking About Gautham Gambhir

We use cookies to give you the best possible experience. Learn more