| Sunday, 24th August 2025, 7:10 am

സഞ്ജു പുറത്ത്, ക്യാപ്റ്റന്‍ അയ്യര്‍; അടിമുടി മാറ്റിയ ഏഷ്യ കപ്പ് ഇലവനുമായി ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് 2025നുള്ള തന്റെ ഇഷ്ട പ്ലെയിങ് ഇലവന്‍ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണെ ഒഴിവാക്കിയ മുന്‍ താരം റിഷബ് പന്തിനെയും കെ.എല്‍. രാഹുലിനെയും യശസ്വി ജെയ്‌സ്വാളിനെയും തന്റെ ഇലവനില്‍ ഉള്‍പ്പെടുത്തി. മാത്രമല്ല ഓപ്പണര്‍ സ്ഥാനത്തേക്ക് ഋതുരാജ് ഗെയ്ക്വാദിനെയും ചോപ്ര തെരഞ്ഞെടുത്തു. ക്യാപ്റ്റനായി അദ്ദേഹം തെരഞ്ഞെടുത്തത് ശ്രേയസ് അയ്യരെയാണെന്നത് ഏറെ കൗതുകകരമാണ്.

‘ജെയ്‌സ്വാളിലാണ് തുടങ്ങുന്നത്, അവനെ ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അവന്‍ ടി-20 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു എന്നതും മറക്കരുത്. ഋതുരാജിനെ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാത്രമല്ല ഓസ്‌ട്രേലിയക്കെതിരെ ഗുവാഹത്തില്‍ സെഞ്ച്വറി നേടി. ഐ.പി.എല്ലില്‍ പരിക്കുപറ്റിയെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് അവന്‍ കാഴ്ചവെച്ചത്.

മൂന്നാമനായി ഞാന്‍ രാഹുലിനെ നിലനിര്‍ത്തി. ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായി നാലാം സ്ഥാനത്തും പന്ത് വിക്കറ്റ് കീപ്പര്‍ ബാറ്ററായി അഞ്ചാം സ്ഥാനത്തുമാണ്. നിതീഷ് കുമാര്‍ റെഡ്ഡി ആറാം സ്ഥാനത്തും ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും യഥാക്രമം വരും,’ ചോപ്ര പറഞ്ഞു.

മാത്രമല്ല രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരെ ബൗളിങ് ഡിപ്പാര്‍ട്‌മെന്റില് ചോപ്ര ഉള്‍പ്പെടുത്തി. കൂടാതെ സായി സുദര്‍ശന്‍, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, യുസ്‌വേന്ദ്ര ചഹല്‍, ഖലീല്‍ അഹമ്മദ് എന്നിവരെ ചോപ്ര റിസര്‍വുകളായും ഉള്‍പ്പെടുത്തി.

2025ലെ ഏഷ്യാ കപ്പിനുള്ള ചോപ്രയുടെ ഇന്ത്യന്‍ ഇലവന്‍

യശസ്വി ജയ്‌സ്വാള്‍, റിഷബ് പന്ത്, ഋതുരാജ് ഗെയ്ക്വാദ്, നിതീഷ് കുമാര്‍ റെഡ്ഡി, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ക്രുണാല്‍ പാണ്ഡ്യ, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്.

അതേസമയം 2025ലെ ഏഷ്യാ കപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റിന് തിരശീല ഉയരുന്നത്.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്‌

Content Highlight: Akash Chopra Selected His Indian Playing 11 For Asia Cup 2025

We use cookies to give you the best possible experience. Learn more