ഐ.പി.എല്‍ 2026ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം സ്വന്തമാക്കിയിരുന്നു. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചായിരുന്നു ടീം കിരീടം നിലനിര്‍ത്തിയത്.
ഇപ്പോള്‍ ആര്‍.സി.ബിയുടെ വിജയത്തിലും കിരീടധാരണത്തിലും വെങ്കടേഷ് അയ്യരുടെ പ്രകടനങ്ങളും ഒരു നിര്‍ണായക ഘടകമായിരുന്നുവെന്നും പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. വെങ്കടേഷ് അയ്യരെ എന്തിനാണ് ടീമിലെടുത്തതെന്ന ചോദ്യമുണ്ടായിരുന്നുവെന്നും താരത്തെ ആദ്യം ആര്‍.സി.ബി ഒരു ബാക്ക് ആപ്പ് പ്ലാനായി മാത്രമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആകാശ് ചോപ്ര. Photo: Mahi Patel/x.com
ആഭ്യന്തര ക്രിക്കറ്റില്‍ ഔട്ട് ഓഫ് ഫോമായിട്ടും ആര്‍.സി.ബി വെങ്കിയെ പിന്തുണച്ചുവെന്നും രജത് പാടിദാറിന് പരിക്കേറ്റപ്പോള്‍ ടീമിലെത്തി അവന്‍ പ്രകടനം പുറത്തെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. വെങ്കടേഷ് ഉള്ളതിനാല്‍ ഫില്‍ സാള്‍ട്ടിനെ ടീം മിസ് ചെയ്തില്ലെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ കൂട്ടിച്ചേര്‍ത്തു.
‘വെങ്കടേഷ് അയ്യര്‍ ഒരു വലിയൊരു ഫാക്ടര്‍ ആയിരുന്നില്ല, എന്നാല്‍ പ്രധാനപ്പെട്ടതായിരുന്നു. ആര്‍.സി.ബി എന്തിന് അവനെ ടീമിലെടുത്തുവെന്ന ചോദ്യമുയര്‍ന്നിരുന്നു. അവനൊരു ബാക്ക് ആപ്പ് ഓപ്ഷനായാണ് അവര്‍ അവനെ കണ്ടത്. ഒരുവശത്ത് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ ദേവ്ദത്ത് പടിക്കലായിരുന്നു
എന്നാല്‍, വെങ്കടേഷിന് ആഭ്യന്തര മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നിട്ടും ആര്‍.സി.ബി അവനില്‍ ഇന്‍വെസ്റ്റ് ചെയ്തു. രജത് പാടിദാറിന് പരിക്കേറ്റപ്പോള്‍ അത് ടീമിന് ഗുണം ചെയ്തു. പഞ്ചാബ് കിങ്‌സിനെതിരെ നിര്‍ണായക മത്സരത്തില്‍ പ്രകടനം നടത്തി പ്ലെയര്‍ ഓഫ് ദി മാച്ച് നേടി.
പാടിദാര്‍ തിരിച്ചെത്തിയതോടെ വെങ്കടേഷിനെ ടോപ് ഓര്‍ഡറിലേക്ക് കൊണ്ടുവന്നു. അതോടെ ആര്‍.സി.ബി കോമ്പിനേഷന്‍ ഒന്നാകെ മാറി. ഫില്‍ സാള്‍ട്ട് പരിക്കേറ്റ് പുറത്തായെങ്കിലും ആര്‍.സി.ബി അവനെ മിസ് ചെയ്തില്ല. അവന്‍ (വെങ്കടേഷ്) ചെറിയ റണ്‍സ് മാത്രമാണ് എടുത്തെങ്കിലും പ്രധാനപ്പെട്ടതായിരുന്നു,’ ചോപ്ര പറഞ്ഞു.
വെങ്കടേഷ് അയ്യർ.Photo: IndianPremierLeague/x.com
വെങ്കടേഷിന് സീസണിന്റെ തുടക്കത്തില്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ അവസരം ലഭിച്ചപ്പോള്‍ ആര്‍.സി.ബിക്കായി മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്തത്. ആറ് ഇന്നിങ്സുകളില്‍ മാത്രം കളിച്ച താരം ഒരു അര്‍ധ സെഞ്ച്വറിയടക്കം 209 റണ്‍സെടുത്തിട്ടുണ്ട്. പഞ്ചാബിനെതിരെ 40 പന്തില്‍ പുറത്താവാതെ 73 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഫൈനലില്‍ ഗുജറാത്തിനെതിരെയും നിര്‍ണായക ഇന്നിങ്സ് കളിച്ചിരുന്നു.
Content Highlight: Akash Chopra says that Venkatesh Iyer’s perforamances is one of the factor behind the success of RCB