രാജസ്ഥാന്‍ റോയല്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാളിന്റെ ഐ.പി.എല്‍ 2026 സീസണിലെ പ്രകടനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. വൈഭവ് സൂര്യവംശിയുടെ ഫോം ജെയ്സ്വാളിനെ സമ്മര്‍ദത്തിലാക്കുന്നുവെന്നും അതാണ് ആദ്യ ഓവറിലെ വിക്കറ്റ് നഷ്ടത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഈ സീസണില്‍ ജെയ്സ്വാളിന്റെ പ്രകടനം ശരാശരിയായിരുന്നുവെന്നും താരത്തിന് തന്റെ സ്വാഭാവിക ശൈലി നഷ്ടമാവില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ചോപ്ര.
ആകാശ് ചോപ്ര. Photo: Mahi Patel/x.com
‘യശസ്വി ജെയ്സ്വാളിന്റെ കാര്യത്തില്‍ എനിക്ക് അല്‍പ്പം ആശങ്കയുണ്ട്. കൂടെ കളിക്കുന്ന താരം ഒരു സുനാമിയാകുമ്പോള്‍ എത്ര മികച്ച താരമായാലും സമ്മര്‍ദമുണ്ടാകും. അവനെ പോലെ (വൈഭവ് സൂര്യവംശി) ബാറ്റ് ചെയ്യുന്നത് അസാധ്യമാണ്. സഹതാരത്തിന്റെ ബാറ്റിങ്ങുമായി മത്സരിക്കാന്‍ ശ്രമിക്കുന്നത് ജെയ്സ്വാളിന് തിരിച്ചടിയാകുന്നുണ്ട്.
വൈഭവിന്റെ പ്രകടനം ജെയ്സ്വാളില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നു. അതുകൊണ്ടാണ് അവന്‍ ആദ്യ ഓവറില്‍ തന്നെ പുറത്തായത്. ഇത് അവനൊരു ശരാശരി സീസണ്‍ മാത്രമായിരുന്നു. അവന് തന്റെ സ്വാഭാവിക ശൈലി നഷ്ടമാവില്ലെന്നാണ് എന്റെ പ്രതീക്ഷ,’ ചോപ്ര പറഞ്ഞു.
യശ്വസി ജെയ്‌സ്വാൾ. Photo: IndianPremierLeague/x.com
കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ജെയ്സ്വാള്‍ ഇന്നിങ്‌സിലെ നാലാം പന്തില്‍ തന്നെ പുറത്തായിരുന്നു. രണ്ട് പന്തുകള്‍ നേരിട്ട താരം വെറും ഒരു റണ്‍സ് മാത്രമാണ് എടുത്തിരുന്നത്. ഇത് മുന്‍നിര്‍ത്തിയാണ് ആകാശ് ചോപ്രയുടെ പ്രതികരണം.
അതേസമയം, ജെയ്സ്വാള്‍ ഈ സീസണില്‍ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. 16 ഇന്നിങ്‌സില്‍ കളിച്ച താരം 427 റണ്‍സ് എടുത്തിട്ടുണ്ട്. മൂന്ന് അര്‍ധ സെഞ്ച്വറികളാണ് ഇടം കൈയ്യന്‍ ബാറ്റര്‍ ഈ സീസണില്‍ അടിച്ചെടുത്തത്. മുംബൈ ഇന്ത്യന്‍സിനെതിരെ പുറത്താവാതെ നേടിയ 77 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 30.50 ശരാശരിയും 152.50 സ്‌ട്രൈക്ക് റേറ്റും താരത്തിന് ഈ സീസണിലുണ്ട്.
Content Highlight: Akash Chopra says that Vaibhav Suryavanshi’s form giving pressure to Yashaswi Jaiswal