ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും മികച്ച പ്രകടനങ്ങൾ നടത്തി ഏറെ ആരാധക പിന്തുണ ലഭിച്ച താരമാണ് ശ്രേയസ് അയ്യർ. എന്നാൽ, താരത്തിന് ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഇടം പിടിക്കാനായിരുന്നില്ല. അതിൽ സീനിയർ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ഇപ്പോൾ മധ്യനിരയിലേക്കുള്ള കടുത്ത മത്സരം കാരണം ശ്രേയസ് അയ്യരിന് ടീമിൽ ഇടം പിടിക്കാനാവില്ലെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ശ്രേയസ് അയ്യരുടെ ബാറ്റിങ് മികച്ചതാണെങ്കിലും താരം അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്നും വളരെ പെട്ടെന്ന് ടീമിൽ ഇടം ലഭിക്കാൻ സാധിച്ചേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കരുൺ നായർക്ക് ഇപ്പോഴാണ് അവസരം ലഭിച്ചതെന്നും ഇംഗ്ലണ്ടിനെതിരെയുള്ള സ്‌ക്വാഡിൽ ഇടം പിടിച്ച താരങ്ങൾക്ക് തന്നെ അവസരം ലഭിക്കാത്തപ്പോൾ ശ്രേയസിന് മാത്രം എങ്ങനെ ലഭിക്കുമെന്നും അദ്ദേഹം ചോദിച്ചു. താരത്തിന് അവസരം തീർച്ചയായും ലഭിക്കുമെന്നും അതിന് ക്ഷമ കാണിക്കേണ്ടതുണ്ടെന്നും ചോപ്ര കൂട്ടിച്ചേർത്തു.
‘അവന്റെ ബാറ്റിങ് അല്ല പ്രശ്നം. പക്ഷേ, ശ്രേയസിന് മികച്ച അവസരത്തിനായി കാത്തിരിക്കേണ്ടി വരും. വളരെ പെട്ടെന്ന് ടീമിൽ ഇടം ലഭിക്കാൻ സാധിച്ചേക്കില്ല. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ സ്‌ക്വാഡിൽ പോലും അവൻ ഇടം പിടിക്കില്ലായിരുന്നു. മറ്റ് താരങ്ങൾക്കും ഇതുവരെ അവസരങ്ങൾ ലഭിച്ചിട്ടില്ല.
കരുൺ നായരെ നോക്കൂ. അവന് ഇപ്പോഴാണ് ടീമിൽ വീണ്ടും കളിക്കാൻ അവസരം ലഭിച്ചത്. സർഫാസ് ഖാനും ഇതുവരെ അവസരം നൽകിയിട്ടില്ല. ധ്രുവ് ജുറെലും പുറത്ത് തന്നെയാണ്. സ്‌ക്വാഡിന്റെ ഭാഗമായ താരങ്ങൾക്ക് തന്നെ അവസരം കിട്ടാത്തപ്പോൾ എങ്ങനെയാണ് ശ്രേയസ് അത്തരമൊന്ന് പ്രതീക്ഷിക്കുക.
അവന് മികച്ച ഒരു ഫസ്റ്റ് ക്ലാസ് സീസണും മികച്ച ഐ.പി.എൽ സീസണുമായിരുന്നുവെന്ന് എനിക്കറിയാം. കൂടാതെ, പഞ്ചാബ് കിങ്സിനെ ഫൈനലിലേക്കും നയിച്ചു. വൈറ്റ്-ബോൾ ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് അവൻ കാഴ്ച വെച്ചിട്ടുള്ളത്. പക്ഷേ അവസരം തീർച്ചയായും അവന് ലഭിക്കും. അതിന് കുറച്ചുകൂടി ക്ഷമ കാണിക്കേണ്ടതുണ്ട്,’ ചോപ്ര പറഞ്ഞു.
Content Highlight: Akash Chopra says that Shreyas Iyer has to wait for return to Team Indian Test squad