2026 ടി – 20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇഷാന്‍ കിഷന്‍ ഓപ്പണിങ് സ്‌പോട്ട് ഉറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിട്ടും കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ് കിഷന് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.
ആകാശ് ചോപ്ര. Photo: Mahi Patel/x.com
‘ഇഷാന്‍ കിഷന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ സഞ്ജു സാംസണിന്റെ കഥ താത്കാലികമായി അവസാനിച്ചു. കഴിഞ്ഞ ലോകകപ്പില്‍ ടീമില്‍ ഉണ്ടായിട്ടും അവന് കളിക്കാന്‍ അവസരം ലഭിച്ചില്ല. ഈ ലോകകപ്പിലും സഞ്ജു ഓപ്പണ്‍ ചെയ്യില്ലെന്ന് ഇപ്പോള്‍ ഉറപ്പായിക്കഴിഞ്ഞു.
ദൈവം വിധി എഴുതുമ്പോള്‍ കഠിനാധ്വാനം ചെയ്യാനാണ് നിങ്ങളോട് ആവശ്യപ്പെടുന്നത്. ബാക്കി ദൈവം നോക്കും. ഇപ്പോള്‍ ഇഷാന്റെ കാര്യത്തില്‍ സംഭവിക്കുന്നതും അതാണ്. മൂന്ന് വര്‍ഷത്തോളം ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നിട്ടും അവന്‍ കഠിനാധ്വാനം ചെയ്തു. അതിന്റെ ഫലം പലിശ സഹിതം ഇപ്പോള്‍ അവന് ലഭിക്കുന്നു. കാര്യവട്ടത്തെ സെഞ്ച്വറിയോടെ ഇഷാന്‍ കരുത്ത് തെളിയിച്ചു,’ ആകാശ് ചോപ്ര പറഞ്ഞു.
സഞ്ജു സാംസൺ. Photo: BCCI/x.com
കിവീസിന് എതിരെയുള്ള പരമ്പരയില്‍ സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഏഷ്യാ കപ്പില്‍ നഷ്ടമായ ഓപ്പണിങ് സ്ഥാനം തിരിച്ചുകിട്ടിയ പരമ്പരയിലാണ് താരത്തിന്റെ മോശം പ്രകടനം. ഈ പരമ്പരയില്‍ താരം അഞ്ച് മത്സരങ്ങളില്‍ നിന്ന് 46 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 24 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
ഇഷാൻ കിഷൻ. Photo: Johns/xc.om
അതേസമയം, സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ് എതിരാളി ഇഷാന്‍ കിഷന്‍ പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് നടത്തിയത്. കാര്യവട്ടം സ്റ്റേഡിയത്തിലെ സെഞ്ച്വറിക്ക് പുറമെ ഒരു അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് താരം നേടിയത് 215 റണ്‍സാണ്.
Content Highlight: Akash Chopra says that Sanju Samson’s story is over for the time being and he will not be part of playing elven in T20 World Cup