ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്താണെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. മുന്‍ ഇന്ത്യന്‍ നായകനായ എം.എസ്. ധോണിയെ മറികടന്നാണ് ചോപ്ര എങ്ങനെ ഒരു തെരഞ്ഞെടുപ്പ് നടത്തിയത്. ധോണി കൂടുതല്‍ റണ്‍സ് നേടിയിട്ടുണ്ടെങ്കിലും പന്താണ് കൂടുതല്‍ സെഞ്ച്വറി നേടിയതെന്ന് അദ്ദേഹം പറഞ്ഞു, തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എം.എസ് ധോണി റണ്‍സിന്റെയും കളിച്ച മത്സരങ്ങളുടെയും എണ്ണത്തില്‍ മുന്നിലാണ്. അദ്ദേഹം 90 മത്സരങ്ങളിലെ 144 ഇന്നിങ്‌സില്‍ 4876 റണ്‍സ് എടുത്തിട്ടുണ്ട്. ആറ് സെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാല്‍ റിഷബ് പന്ത് അവസാന അഞ്ച് വര്‍ഷത്തില്‍ ആറ് സെഞ്ച്വറി നേടി. മൊത്തത്തില്‍ നോക്കുകയാണെങ്കില്‍ പന്തിന് എട്ട് സെഞ്ച്വറികളുണ്ട്,’ ചോപ്ര പറഞ്ഞു.
റണ്‍സിന്റെ കാര്യത്തില്‍ പന്ത് ഇപ്പോള്‍ തന്നെ രണ്ടാമതുണ്ടെന്നും ചോപ്ര പറഞ്ഞു. പകുതി മത്സരങ്ങള്‍ കളിച്ചപ്പോഴേക്ക് അവന്‍ ധോണിയ്ക്ക് 1400 റണ്‍സിന് മാത്രം പിറകിലാണ്.
കൂടുതല്‍ മത്സരങ്ങള്‍ കളിക്കുകയാണെങ്കില്‍ പന്ത് ധോണിയെ വളരെ പെട്ടെന്ന് മറികടക്കുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. ഏഴ് വിക്കറ്റ് കീപ്പര്‍മാര്‍ മാത്രമേ ടെസ്റ്റില്‍ 1000 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പന്ത് മികച്ച പ്രകടനം നടത്തിയിരുന്നു. ഇത് വിലയിരുത്തിയാണ് ആകാശ് ചോപ്ര പന്തിനെ മികച്ച ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന് വിശേഷിപ്പിച്ചത്. ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയില്‍ നാല് മത്സരങ്ങളില്‍ ഇറങ്ങി താരം 479 റണ്‍സ് നേടിയിരുന്നു.
പരമ്പരയില്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും അടിച്ചായിരുന്നു താരത്തിന്റെ പ്രകടനം. നാലാം ടെസ്റ്റില്‍ പരിക്കേറ്റിട്ടും ബാറ്റിങ്ങിനെത്തി അര്‍ധ സെഞ്ച്വറി അടിച്ച് പന്ത് തിളങ്ങിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlight: Akash Chopra says that Rishabh Pant is the best ever India’s test wicket keeper not MS Dhoni