| Wednesday, 15th July 2026, 2:01 pm

അവന്‍ മികച്ച വിക്കറ്റ് കീപ്പറല്ല; ഇന്ത്യന്‍ സൂപ്പര്‍ താരത്തെ കുറിച്ച് ചോപ്ര

ഫസീഹ പി.സി.

ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുലിന്റെ പിഴവില്‍ നിന്ന് ഇന്ത്യയ്ക്ക് 12 റണ്‍സ് വഴങ്ങേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ രാഹുലിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. റിഷബ് പന്തിന് പരിക്കേറ്റപ്പോള്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയെന്നും ഇന്ത്യയ്ക്ക് വരുമ്പോഴെല്ലാം താരത്തിനെയാണ് സമീപിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ആകാശ് ചോപ്ര. Photo: Mahi Patel/x.com

ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലാണ് രാഹുല്‍ ബാറ്റ് ചെയ്യുന്നതെന്നും എന്നാല്‍ താരം ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

‘ഇതൊരു കൗതുകകരമായ കാര്യമാണ്. റിഷബ് പന്ത് പരിക്കേറ്റ് പുറത്തായപ്പോള്‍ കെ.എല്‍. രാഹുലിനെ വിക്കറ്റ് കീപ്പിങ് ഏല്‍പ്പിച്ചു. എന്തെങ്കിലും ആവശ്യം വരുമ്പോഴെല്ലാം നമ്മള്‍ രാഹുലിനെയാണ് സമീപിക്കുന്നത്. പന്തിന്റെ സ്ഥാനത്ത് ബാറ്റ് ചെയ്യാനും കീപ്പിങ് ചെയ്യാനും അവന്‍ തയ്യാറായി. പന്തിന്റെ അഭാവം നിങ്ങള്‍ അറിയുകയേയില്ല എന്ന് അവന്‍ പറഞ്ഞു.

അത്തരത്തിലൊരു പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചത്. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലാണ് അവന്‍ ബാറ്റ് ചെയ്യുന്നത്. ടെസ്റ്റില്‍ ഓപ്പണിങ്ങാണ് ഏറ്റവും പ്രയാസകരമെങ്കില്‍, ഏകദിനത്തില്‍ താഴെ വന്ന് ബാറ്റ് ചെയ്യുകയും കീപ്പിങ് നടത്തുകയും ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്. അവന്‍ രാജ്യത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആണോ? തീര്‍ച്ചയായും അല്ല. അവന്‍ ഏറ്റവും മികച്ച കീപ്പറല്ല. അതുകൊണ്ട് ഇടയ്ക്കിടെ ചില അവസരങ്ങള്‍ അവന് നഷ്ടപ്പെടും. അതൊക്കെ സ്വാഭാവികമാണെന്ന് കരുതിയാല്‍ മതി,’ ചോപ്ര പറഞ്ഞു.

2003 ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡിന്റെ കാര്യത്തില്‍ ഇന്ത്യ ഇതാണ് ചെയ്തതെന്നും അതിനാല്‍ ടീമിന് ഒരു അധിക ബാറ്ററെ കളിപ്പിക്കാന്‍ സാധിച്ചിരുന്നുവെന്നും ചോപ്ര പറഞ്ഞു. ഇവിടെ ഒരു അധിക ബാറ്ററെ കളിപ്പിക്കാനല്ല രാഹുലിനെക്കൊണ്ട് കീപ്പിങ് ചെയ്യിക്കുന്നത്. മറിച്ച് ഹാര്‍ദിക് പാണ്ഡ്യയെയും മറ്റ് ഓള്‍റൗണ്ടര്‍മാരെയും ടീമില്‍ ഉള്‍പ്പെടുത്താനാണ്.

അതിനാല്‍, കെ.എല്‍. രാഹുലിനെ നമ്മള്‍ ഒരു കീപ്പറായി നിലനിര്‍ത്തുന്നു. വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തില്‍ അവന്‍ ലോകത്തെ ഏറ്റവും മികച്ചവനല്ലായിരിക്കാം. പക്ഷേ ടീമിലേക്ക് കൊണ്ടുവരുന്ന മൊത്തത്തിലുള്ള സംഭാവനകള്‍ വെച്ചുനോക്കുമ്പോള്‍ അവന്‍ നല്‍കുന്ന ആ പാക്കേജ് തന്നെയാണ് ലോകത്ത് ഏറ്റവും മികച്ചതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Content Highlight: Akash Chopra says that KL Rahul is not the best wicket keeper in India

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more