| Thursday, 4th June 2026, 2:37 pm

സൂര്യക്ക് പകരം അവന് അവസരം നല്‍കൂ; നിര്‍ദേശവുമായി ആകാശ് ചോപ്ര

ഫസീഹ പി.സി.

ഇന്ത്യന്‍ ടി – 20 സ്ഥാനം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് നഷ്ടമായേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സൂര്യയെ ക്യാപ്റ്റന്‍ സ്ഥാനത്ത് മാറ്റാനും മറ്റൊരു താരത്തെ ക്യാപ്റ്റനാക്കാനും സെലക്ഷന്‍ കമ്മിറ്റിക്ക് ബി.സി.സി.ഐ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

ഇപ്പോള്‍ സൂര്യയെ ടീമില്‍ നിന്ന് ഒഴിവാക്കുകയാണെങ്കില്‍ മധ്യനിരയിലേക്ക് ശ്രേയസ് അയ്യരെ കൊണ്ടുവരണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ശ്രേയസിന് അനുഭവപരിചയമുള്ളതിനാല്‍ താരത്തിന് ക്യാപ്റ്റന്‍സിയും ലഭിച്ചേക്കാമെന്നും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ താരത്തിന് മികച്ച റെക്കോഡുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആകാശ് ചോപ്ര. Photo: Mahi Patel/x.com

ശ്രേയസ് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ അബ്‌സല്യൂട്ട് ഗെയിം ചേഞ്ചറാണെന്നും താരത്തിനൊപ്പം റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ രജത് പാടിദാറിനെയും ടീമില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.

‘സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കുകയാണെങ്കില്‍ ശ്രേയസ് അയ്യരിന് അവസരം കൊടുക്കണം. അവനെ മധ്യനിരയിലേക്ക് കൊണ്ടുവരണം. ഒപ്പം രജത് പാടിദാറിനെയും ടീമില്‍ ഉള്‍പ്പെടുത്തണം. പക്ഷേ, അനുഭവസമ്പത്തുള്ളതിനാല്‍ ശ്രേയസ് ക്യാപ്റ്റനാകണം.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശ്രേയസിന് മികച്ച റെക്കോഡുണ്ട്. ഒരു ലോകകപ്പില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്ത് 500ലധികം റണ്‍സ് നേടുന്ന ലോകത്തിലെ ആദ്യ താരമാണ് അവന്‍. അവനൊരു പെര്‍ഫോമറും വൈറ്റ്-ബോള്‍ ക്രിക്കറ്റിലെ ഒരു അബ്‌സല്യൂട്ട് ഗെയിം ചേഞ്ചറുമാണ്. കൂടാതെ വളരെ മികച്ചൊരു ക്യാപ്റ്റനുമാണ്. മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസികളെ നയിച്ച് അവനത് തെളിയിച്ചിട്ടുണ്ട്,’ ചോപ്ര പറഞ്ഞു.

ശ്രേയസ് അയ്യർ.

ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി ശ്രേയസ് അയ്യരിനാണ് കൂടുതല്‍ മുന്‍ഗണന എന്നാണ് വിവരം. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മന്‍ അജിത് അഗാര്‍ക്കാര്‍ക്ക് താരത്തെ ക്യാപ്റ്റനാക്കാനാണ് താത്പര്യം. കൂടാതെ, ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെയും പഞ്ചാബ് കിങ്‌സിനെയും ഫൈനലില്‍ എത്തിച്ചതും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടമണിയിച്ചതും താരത്തിന് മുന്‍തൂക്കം നല്‍കുന്നുണ്ട്.

Content Highlight: Akash Chopra says that India should bring Shreyas Iyer in the middle order as replacement for Suryakumar Yadav in  T20I team

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more