| Monday, 30th March 2026, 2:52 pm

സഞ്ജുവിനെയും ഗെയ്ക്വാദിനെയും ഓപ്പണര്‍മാരാക്കുന്നത് വലിയ തെറ്റ്: ആകാശ് ചോപ്ര

ഫസീഹ പി.സി.

ചെന്നൈ സൂപ്പര്‍ കിങ്സ് 2026 ഐ.പി.എല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. ഇന്ന് (മാര്‍ച്ച് 30) നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. ആര്‍. ആറിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയാണ് വേദി.

മത്സരത്തിന് മുന്നോടിയായി ചെന്നൈയ്ക്ക് പരിക്ക് ആശങ്കയാവുകയാണ്. മുന്‍ നായകന്‍ എം.എസ്. ധോണിക്ക് പിന്നാലെ സൗത്ത് ആഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസും പരിക്കിന്റെ പിടിയിലാണ്. താരം ആദ്യ മൂന്ന് മത്സരങ്ങളില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആകാശ് ചോപ്ര. Photo: Mahi Patel/x.com

ബ്രെവിസിനും പരിക്കേറ്റതോടെ ചെന്നൈയുടെ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. സീസണ്‍ ആരംഭിക്കുന്നതിന് മുമ്പേ ചെന്നൈയ്ക്ക് പല സൂപ്പര്‍ താരങ്ങളും നഷ്ടമായെന്നും ഇത് ടീമിന് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തില്‍ ഋതുരാജ് ഗെയ്ക്വാദിനെ സഞ്ജു സാംസണിനൊപ്പം ഓപ്പണറായി ഇറക്കരുതെന്നും ആയുഷ് മാഹ്‌ത്രെയെ ഓപ്പണിങ്ങിലെക്ക് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും. Photo: Johns/x.com

‘സീസണ്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ചെന്നൈയുടെ പ്രശ്‌നങ്ങള്‍ ഇരട്ടിയായിരിക്കുകയാണ്. ആദ്യ മൂന്ന്
മത്സരങ്ങളില്‍ ഡെവാള്‍ഡ് ബ്രെവിസില്ല. നഥാന്‍ എല്ലിസിനെ നിങ്ങള്‍ക്ക് ആദ്യം തന്നെ നഷ്ടമായി. പകരമെടുത്ത സ്പെന്‍സര്‍ ജോണ്‍സണ്‍ ടീമിനൊപ്പം ഇതുവരെ ചേര്‍ന്നിട്ടില്ല. പരിക്കേറ്റ താരത്തിന് പകരം പരിക്കേറ്റ താരത്തിനെയാണ് ടീമിലെടുത്തത്.

എം.എസ്. ധോണിയും അടുത്ത രണ്ട് ആഴ്ചയോളം ചെന്നൈക്കൊപ്പമുണ്ടാവില്ല. ഇത് ടീമിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ടീമില്‍ മാറ്റമുണ്ടാകും. അപ്പോള്‍ ബാറ്റിങ്ങില്‍ ഓര്‍ഡറില്‍ മാറ്റം വരുത്തണം. ഋതുരാജ് ഗെയ്ക്വാദിനെ സഞ്ജു സാംസണിനൊപ്പം ഓപ്പണിങ്ങില്‍ ഇറക്കരുത്.

ഗെയ്ക്വാദിനെ മൂന്നാം നമ്പറില്‍ ഇറക്കി ആയുഷ് മാഹ്‌ത്രെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരണം. സഞ്ജു – ഗെയ്ക്വാദ് ജോഡിയാണ് ഓപ്പണര്‍മാര്‍ക്കുന്നതെങ്കില്‍ അത് വലിയ തെറ്റാകും,’ ചോപ്ര പറഞ്ഞു.

Content Highlight: Akash Chopra says that CSK opening innings with Sanju Samson and Ruturaj Gaikwad will be a wrong move as the team  deal with injuries

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more