2027 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ (ഡബ്ല്യൂ.ടി.സി) ഫൈനലില്‍ എത്താന്‍ ബംഗ്ലാദേശിന് കഴിയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. എന്നാല്‍, ഹോം മത്സരങ്ങളില്‍ കടുവകള്‍ മറ്റു ടീമുകള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ 2027 ഡബ്ല്യൂ.ടി.സി ഫൈനലിന് ടീമുകളുടെ സാധ്യതകള്‍ വിലയിരുത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
‘ബംഗ്ലാദേശിനെക്കുറിച്ച് ഞാന്‍ ചര്‍ച്ച ചെയ്യുന്നില്ല, കാരണം അവര്‍ മത്സരത്തില്‍ പോലുമില്ല. നിങ്ങള്‍ ആ ലിസ്റ്റില്‍ പോലും എത്തില്ല. മറ്റു ടീമുകള്‍ ബംഗ്ലാദേശിനെ നേരിടുമ്പോള്‍, പോയിന്റുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. എന്നാല്‍ ബംഗ്ലാദേശിന് സ്വന്തം നാട്ടില്‍ ടീമുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയും,’ ചോപ്ര പറഞ്ഞു.
ഓസ്ട്രേലിയയ്ക്കും സൗത്ത് ആഫ്രിക്കയ്ക്കും എതിരെയുള്ള ബംഗ്ലാദേശിന്റെ എവേ മത്സരങ്ങളും ബുദ്ധിമുട്ടേറിയതാവുമെന്നും ചോപ്ര പറഞ്ഞു. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, പാക്കിസ്ഥാന്‍ എന്നിവര്‍ക്ക് എതിരെയാണ് അവരുടെ ഹോം മത്സരങ്ങള്‍.
ഇവരെ വെള്ളം കുടിപ്പിക്കാന്‍ കടുവകള്‍ക്കാവും. എന്നാല്‍, ഓസ്ട്രേലിയയും സൗത്ത് ആഫ്രിക്കയും അവരുടെ മേല്‍ ആധിപത്യം നേടുമെന്നും യോഗ്യതയുടെ അടുത്തെത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, 2023-25 സൈക്കിളില്‍ ബംഗ്ലാദേശ് 31.25 ശതമാനം നേടി ഏഴാം സ്ഥാനത്തായിരുന്നു. എന്നാല്‍, 2025 – 2027 ഡബ്ല്യൂ.ടി.സി സൈക്കിളില്‍ റാങ്കിങ്ങില്‍ ബംഗ്ലാദേശ് നിലവില്‍ അഞ്ചാം സ്ഥാനത്താണ്. നാല് പോയിന്റും 16.67 ശതമാനവുമാണ് അവര്‍ക്കുള്ളത്. അടുത്തിടെ നടന്ന ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ അവര്‍ 0-1 ന് പരാജയപ്പെട്ടിരുന്നു.
നിലവില്‍ പോയിന്റ് ടേബിളില്‍ ഒന്നാമതുള്ളത് 36 പോയിന്റും 100 ശതമാനവുമുള്ള ഓസ്ട്രേലിയയാണ്. ശ്രീലങ്ക, ഇന്ത്യ, ഇംഗ്ലണ്ട് എന്നിവരാണ് പോയിന്റ് ടേബിളില്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനത്തുള്ളത്. ശ്രീലങ്കയ്ക്ക് 16 പോയിന്റാണ് ഉള്ളത്.
ഇന്ത്യയ്ക്ക് 28 പോയിന്റും ഇംഗ്ലണ്ടിന് 26 പോയിന്റുമുണ്ടെങ്കിലും ശ്രീലങ്ക 66.67 എന്ന വിജയശതമാനത്തില്‍ രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു. ഇന്ത്യയ്ക്ക് 46.67 ഉം ഇംഗ്ലണ്ടിന് 43.33 ഉം ശതമാനാണുള്ളത്.
Content Highlight: Akash Chopra says that Bangladesh will not qualify for World Test Championship Final 2027