| Wednesday, 29th April 2026, 1:45 pm

അവര്‍ ഒരു ബീസ്റ്റ് ടീമാണ്; ഐ.പി.എല്‍ മുന്‍ ചാമ്പ്യന്മാരെ കുറിച്ച് ചോപ്ര

ഫസീഹ പി.സി.

സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒരു ബീസ്റ്റ് ടീമാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ഐ.പി.എല്‍ 2026ല്‍ ഒരിക്കല്‍ മാത്രമാണ് ഹൈദരാബാദിന് ചെയ്സ് ചെയ്യേണ്ടി വന്നിരുന്നതെന്നും ആ മത്സരത്തില്‍ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും അവിശ്വസനീയ തുടക്കമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ് ആറ് മത്സരങ്ങളിലാണ് 200ന് മുകളില്‍ സ്‌കോര്‍ ചെയ്തതെന്നും ശരാശരി 10.6 റണ്‍ റേറ്റ് അവര്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.

ആകാശ് ചോപ്ര. Photo: Mahi Patel/x.com

‘ഈ സീസണില്‍ ഹൈദരാബാദിന് ഒരിക്കല്‍ മാത്രമാണ് ചെയ്സ് ചെയ്യേണ്ടി വന്നത്. അതില്‍ അവര്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിക്കുകയും ചെയ്തു. രാജസ്ഥാന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും അവിശ്വസനീയമായ തുടക്കമാണ് നല്‍കിയത്. പിന്നീട് ഹെന്റിക് ക്ലാസനെത്തി ആ പോരാട്ടത്തില്‍ വിജയിപ്പിച്ചു.

ആറ് തവണയാണ് ഈ ടീം 200ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ഇതൊരു ബീസ്റ്റ് ടീമാണ്. അവരുടെ ശരാശരി ആവറേജ് റണ്‍ റേറ്റ് 10.6 ആണ്. അതായത് അവര്‍ അടിച്ച് കൊണ്ടേയിരിക്കുകയാണ് എന്നാണ് സാരം. അതായത്, ഓവറില്‍ 10 റണ്‍സിന് താഴെയുള്ള ഒരു കളിയെക്കുറിച്ച് അവര്‍ ചിന്തിക്കുന്നേയില്ല. മൈതാനത്തിറങ്ങിയാല്‍ അടിച്ചുതകര്‍ക്കുക എന്നത് മാത്രമാണ് അവരുടെ മനോഭാവം,’ ചോപ്ര പറഞ്ഞു.

സൺറൈസേഴ്‌സ് ഹൈദരാബാദ് താരങ്ങൾ. Photo: iplt20.com

ഹൈദരാബാദിന്റെ ടോപ് ഓര്‍ഡറിലെ മൂന്ന് താരങ്ങളും ഈ സീസണില്‍ ഇതുവരെ 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയടക്കം 380 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഇതില്‍ ഒന്നാമത്. താരം ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമതുണ്ട്.

ഹൈദരാബാദിന്റെ ഈ സീസണിലെ രണ്ടാമത്തെ റണ്‍ഗെറ്ററായ ക്ലാസന് ഏഴ് മത്സരങ്ങളില്‍ നിന്ന് 349 റണ്‍സാണുള്ളത്. പിന്നില്‍ 312 റണ്‍സുമായി ഇഷാന്‍ കിഷനുമുണ്ട്.

Content Highlight: Akash Chopra says Sunrisers Hyderabad is a beast Team in IPL 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more