| Wednesday, 20th August 2025, 4:33 pm

ശ്രേയസ് ടി -20 ലോകകപ്പ് കളിക്കും; വമ്പന്‍ പ്രസ്താവനയുമായി ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം ബി.സി.സി.ഐ പുറത്ത് വിട്ടിരുന്നു. എന്നാല്‍, 15 അംഗ സ്‌ക്വാഡില്‍ പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസ് അയ്യരിന് ടീമില്‍ ഇടം കണ്ടെത്താനായിരുന്നില്ല. ഇപ്പോള്‍ അതില്‍ പ്രതികരിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനായ ആകാശ് ചോപ്ര.

ശ്രേയസ് എല്ലാ ടൂര്‍ണമെന്റുകളിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്നും ടീമില്‍ ഇടം നേടാന്‍ അവന്‍ ഇനിയും എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഏഷ്യ കപ്പിന് ശേഷം കൂടുതല്‍ ടി – 20 മത്സരങ്ങള്‍ വരാനുള്ളത് കൊണ്ട് അവന്‍ അടുത്ത ലോകകപ്പില്‍ കളിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ശ്രേയസ് ഐ.പി.എല്ലില്‍ 600ലധികം റണ്‍സ് നേടിയിരുന്നു. കൂടാതെ ടീമിനെ ഫൈനലിലേക്കും നയിച്ചു. ഒപ്പം, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും രഞ്ജിയിലും ചാമ്പ്യന്‍സ് ട്രോഫിയിലും മികച്ച പ്രകടനം നടത്തി. ഒരു മനുഷ്യന് ഇതിലേറെ എന്താണ് ചെയ്യാന്‍ കഴിയുക?

ഇത് ഏഷ്യ കപ്പിനുള്ള ടീമാണ്. അത് ലോകകപ്പുമായി കൂട്ടിച്ചേര്‍ക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. കാരണം ഇതിനുശേഷം ഇന്ത്യയ്ക്ക് 15 ടി- 20 മത്സരങ്ങളുണ്ട്. അതിന് ശേഷം ടീമില്‍ മാറ്റം വന്നേക്കാം. ഏകദിനങ്ങളില്‍ റണ്‍സ് നേടുന്നത് തുടര്‍ന്നാല്‍ അവന് ടീമില്‍ തിരിച്ചെത്താന്‍ കഴിയും. ശ്രേയസ് ഇന്ത്യയുടെ ടി -20 ലോകകപ്പ് ടീമിന്റെ ഭാഗമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ ചോപ്ര പറഞ്ഞു.

അതേസമയം, സെപ്റ്റംബര്‍ ഒമ്പത് മുതലാണ് ഏഷ്യ കപ്പ് ആരംഭിക്കുക. യു.എ.ഇയില്‍ നടക്കുന്ന ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 28ന് കലാശപോരോടെ ഏഷ്യയ്ക്ക് പുതിയ ചാമ്പ്യന്മാരെത്തും. എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ ഗ്രൂപ്പ് എ-യിലാണ് പാകിസ്ഥാന്‍, യു.എ.ഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

2025 ഏഷ്യാ കപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

Content Highlight: Akash Chopra says that has strong feeling that Shreyas Iyer will play T20 world cup next year even though he is not featuring in Asia cup

We use cookies to give you the best possible experience. Learn more