ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പുരോഗമിക്കുകയാണ്. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് എടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (42 പന്തില്‍ 18*) കെ.എല്‍ രാഹുലുമാണ് (114 പന്തില്‍ 53*) ക്രീസിലുള്ളത്. ഓപ്പണര്‍ യശസ്വി ജെയ്സ്വാളിന്റെയും സായ് സുദര്‍ശന്റെയും വിക്കറ്റുകളാണ് നഷ്ടമായത്.
ജെയ്സ്വാള്‍ 36 റണ്‍സ് നേടിയപ്പോള്‍ സുദര്‍ശന് തിളങ്ങാനായില്ല. 19 പന്തില്‍ ഏഴ് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഇപ്പോള്‍ താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര.
സായ് സുദര്‍ശനില്‍ താന്‍ നിരാശനാണെന്നും താരത്തിന് വേണ്ടത്ര സ്‌കോര്‍ ചെയ്യാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റില്‍ ഒരു തെറ്റ് അനുവദനീയമാണെന്നും അത് തിരുത്തിയില്ലെങ്കില്‍ പുറത്താവുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ സായ് സുദര്‍ശനില്‍ നിരാശനാണ്. മൂന്നാം സ്ഥാനം നിലനിര്‍ത്താന്‍ ആവശ്യമായ റണ്‍സ് അവന്‍ നേടിയിട്ടില്ല. ലെങ്ത് ശരിയായി മനസിലാക്കാത്തത് ഒരുവട്ടമൊക്കെ സംഭവിക്കാവുന്ന തെറ്റാണ്. പക്ഷേ, അത് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ബാറ്റര്‍ പത്തില്‍ ഒമ്പത് തവണയും പുറത്താകും,’ ചോപ്ര പറഞ്ഞു.
അതേസമയം, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസിനെ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 162 റണ്‍സിന് പുറത്താക്കിയിരുന്നു. മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുംറയുടെയും മിന്നും പ്രകടനത്തിന്റെ കരുത്തിലായിരുന്നു ഇന്ത്യന്‍ സംഘം കരീബിയന്‍ പടയെ കുഞ്ഞന്‍ സ്‌കോറില്‍ ഒതുക്കിയത്.
സിറാജ് നാല് വിക്കറ്റും ബുംറ മൂന്ന് വിക്കറ്റും സ്വന്തമാക്കിയാണ് മികച്ച പ്രകടനം നടത്തിയത്. ഒപ്പം കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി.
മറുവശത്ത് വിന്‍ഡീസിനായി ജസ്റ്റിന്‍ ഗ്രീവ്സ് ഭേദപ്പെട്ട പ്രകടനം നടത്തി. 48 പന്തില്‍ 32 റണ്‍സെടുത്ത താരം ടീമിന്റെ ടോപ് സ്‌കോററായി. ഒപ്പം ഷായ് ഹോപ്പും ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്‌സും റണ്‍സ് സംഭാവന ചെയ്തു. ഹോപ്പ് 36 പന്തില്‍ 26 റണ്‍സും ചെയ്‌സ് 43 പന്തില്‍ 24 റണ്‍സും സ്വന്തമാക്കി.
Content Highlight: Akash Chopra says Sai Sudarshan did not score enough runs to steal number 3 spot