| Friday, 29th August 2025, 8:25 am

ലോകത്തിന്റെ ഏത് കോണിലെത്തിയാലും അവനെ ടീമിലെടുക്കാന്‍ ആളുണ്ടാവും: ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ നിന്ന് വിരമിച്ചതോടെ ആര്‍. അശ്വിന്‍ പുതിയ ട്രെന്റിന് തുടക്കം കുറിച്ചെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. എവിടെ പോയാലും ഫ്രാഞ്ചൈസികള്‍ അശ്വിനെ ടീമിലെടുക്കുമെന്നും മറ്റ് ലീഗുകളില്‍ താരത്തിന് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

‘അശ്വിന്‍ ഐ.പി.എല്ലില്‍ നിന്ന് വിരമിച്ച് ലോകത്തെ മറ്റ് ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാന്‍ പോവുകയാണ്. ഇതിലൂടെ അവന്‍ പുതിയ ഒരു ട്രെന്റിന് തുടക്കം കുറിക്കുകയാണ്. ഐ.പി.എല്ലില്‍ അശ്വിന്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. പക്ഷേ, എല്ലാ നല്ല കാര്യത്തിനും ഒരു അവസാനമുണ്ടല്ലോ.

ഏത് ലീഗുകളിലും അശ്വിന്‍ കളിക്കാന്‍ പോയാല്‍ അവനെ ടീമിലെടുക്കാന്‍ ഫ്രാഞ്ചൈസികളുണ്ടാവും. അവന് അവിടെ മികച്ച പ്രകടനം നടത്താനാവും. ഐ.പി.എല്ലിന്റെ പുതുമ നിലനിര്‍ത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മറ്റ് ലീഗുകളില്‍ കളിക്കാന്‍ അനുമതിയില്ല.

അതിനായി നിങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഐ.പി.എല്ലില്‍ നിന്നും വിരമിക്കണം. ഐ.പി.എല്‍ നല്‍കുന്ന പണം ഒഴിവാക്കാന്‍ തയ്യാറായാല്‍ നിങ്ങള്‍ക്ക് എവിടെ വേണമെങ്കിലും കളിക്കാം,’ ചോപ്ര പറഞ്ഞു.

അശ്വിനെ മാതൃകയാക്കി മറ്റ് ഇന്ത്യന്‍ താരങ്ങള്‍ മറ്റ് ലീഗുകളിലേക്ക് പോകുമോയെന്ന് ചോപ്ര ചോദിച്ചു. വളരെ കുറച്ച് താരങ്ങള്‍ മാത്രമേ അങ്ങനെ പോവാന്‍ സാധ്യതയുള്ളൂ. അശ്വിന്‍ 9.75 കോടി ലഭിച്ചിട്ടും മറ്റ് ലീഗുകളില്‍ പരീക്ഷണം നടത്താന്‍ അവന്‍ തീരുമാനിച്ചു. പക്ഷേ, എല്ലാ താരങ്ങള്‍ക്കും അത് അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒരു താരത്തിന് മറ്റ് ലീഗുകളില്‍ അണ്‍സോള്‍ഡാവുകയോ അല്ലെങ്കില്‍ കുറവ് പണം മാത്രമാണ് ലഭിക്കുന്നതെങ്കിലോ എന്താണ് ചെയ്യുക? ഐ.പി.എല്ലില്‍ കൂടുതല്‍ പണം ലഭിക്കുകയാണെങ്കില്‍ പിന്നതെന്തിന് പിന്മാറണം?

അശ്വിന്‍ ഒരു വ്യത്യസ്തമായ ഒരു വഴി തെരഞ്ഞെടുത്തു. ഒരുപാട് ഇന്ത്യന്‍ താരങ്ങള്‍ അവനെ പോലെ ഐ.പി.എല്ലില്‍ നിന്ന് വിരമിക്കാന്‍ സാധ്യതയില്ല,’ ചോപ്ര പറഞ്ഞു.

ഓഗസ്റ്റ് 27നാണ് അശ്വിന്‍ ഐ.പി.എല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. താന്‍ മറ്റ് ക്രിക്കറ്റ് ലീഗുകളിലേക്ക് ചേക്കേറുകയാണെന്നും താരം പോസ്റ്റില്‍ പറഞ്ഞിരുന്നു.

Content Highlight: Akash Chopra says R. Ashwin will be picked wherever he go

We use cookies to give you the best possible experience. Learn more