| Sunday, 10th August 2025, 11:36 am

ബുംറ ഞങ്ങളെക്കാള്‍ മികച്ചവനെന്ന് പാക് ഇതിഹാസം പറഞ്ഞു: ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായാണ് കണക്കാക്കുന്നത്. പലപ്പോഴും ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചവനെന്ന് ഇതിഹാസങ്ങള്‍ അടക്കം തന്നെ പറയാറുണ്ട്. പാകിസ്ഥാന്‍ ഇതിഹാസം വഖാര്‍ യൂനിസിനും അതെ അഭിപ്രായമാണ് എന്ന് പറയുകയാണിപ്പോള്‍ ആകാശ് ചോപ്ര.

‘വഖാര്‍ യൂനിസിനൊപ്പം ഒരു കാറില്‍ ഇരിക്കുകയായിരുന്നു ഞാന്‍. ‘ബൗളിങ് വേരിയേഷനും കണ്‍ട്രോളും കൊണ്ടും ലോക ക്രിക്കറ്റില്‍ വലിയ ആദരവുള്ള വസീം അക്രമിനെ പോലെ ഒരു വലം കൈയ്യന്‍ അല്ലേ ബുംറയെന്ന്’ അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു. ‘അല്ല, അവന്‍ ഞങ്ങളെക്കാള്‍ മികച്ചവനാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബുംറയുടെ കഴിവുകളും ചിന്തയും മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ആളാണ് അവനെന്നും അക്രം അഭിപ്രായപ്പെട്ടു,’ ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ശേഷം ബുംറ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുന്നതിനെ കുറിച്ചും ചോപ്ര സംസാരിച്ചു. ബുംറയെക്കാള്‍ മികച്ച ക്യാപ്റ്റനെ ഇന്ത്യയ്ക്ക് ലഭിക്കില്ലെന്നും പെര്‍ത്തില്‍ ടീമിനെ വിജയിപ്പിച്ചിരുന്നതിനാല്‍ അവന്‍ തന്നെ ക്യാപ്റ്റന്‍ ആവണമെന്നുമാണ് ആദ്യം പറഞ്ഞിരുന്നത്. ഇപ്പോളത് ബുംറ കളിക്കുമ്പോള്‍ ഇന്ത്യ തോല്‍ക്കുന്നുവെന്ന് ട്രോളുകയാണ്. ബൂം ബൂ ബുംറ എന്നതില്‍ നിന്ന് നമ്മുടെ ആരാധകര്‍ ഇപ്പോള്‍ ഗുംറയായി (വഴി തെറ്റുക) മാറിയെന്നും ചോപ്ര പറഞ്ഞു.

‘നിലവില്‍ എല്ലാ ഫോര്‍മാറ്റിലെയും ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് ബുംറ. ജോലിഭാരം നിയന്ത്രിക്കാനും ഫിറ്റ്‌നസ് നിലനിര്‍ത്താനും ബുംറയ്ക്ക് മൂന്ന് മത്സരങ്ങള്‍ മാത്രമേ കളിക്കാന്‍ കഴിയൂവെങ്കില്‍, അത് ചെയ്യണം. ബുംറയെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളില്‍ കളിപ്പിക്കാന്‍ ഞാന്‍ ആവശ്യമായതെല്ലാം ചെയ്യും,’ ചോപ്ര പറഞ്ഞു.

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയില്‍ ബുംറ വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി മൂന്ന് മത്സരങ്ങളില്‍ മാത്രമേ കളിച്ചിരുന്നുള്ളൂ. നിര്‍ഭാഗ്യവശാല്‍ ഈ മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ സാധിച്ചിരുന്നില്ല. പരമ്പരയിലെ അവസാന മത്സരമായ ഓവല്‍ ടെസ്റ്റില്‍ സിറാജിന്റെ കരുത്തില്‍ ഇന്ത്യ ജയിച്ചതോടെ താരത്തിന് നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

പരമ്പരയില്‍ ലീഡ്സില്‍ നടന്ന ഒന്നാം ടെസ്റ്റിലും ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റിലും മാഞ്ചസ്റ്റര്‍ വേദിയായ നാലാം ടെസ്റ്റിലുമായിരുന്നു ബുംറ കളിച്ചിരുന്നത്. ഒന്നും മൂന്നും ടെസ്റ്റിലും ഫൈഫര്‍ പ്രകടനവുമായി താരം തിളങ്ങിയിരുന്നു. ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളില്‍ മാത്രം ഇറങ്ങി 14 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമതാകാനും ബുംറയ്ക്ക് സാധിച്ചിരുന്നു.

Content Highlight: Akash Chopra says that Pakistan bowler Waqar Younis believes Jasprit Bumrah is best bowler than Wasim Akram

We use cookies to give you the best possible experience. Learn more