| Friday, 8th August 2025, 4:31 pm

ചെന്നൈ സൂപ്പര്‍ കിങ്‌സല്ല, സഞ്ജുവിനെ സ്വന്തമാക്കേണ്ട ടീം ഇവര്‍; വ്യക്തമാക്കി ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ടീം വിടാന്‍ താത്പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ സ്വന്തമാക്കാന്‍ ശ്രമിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. നൈറ്റ് റൈഡേഴ്‌സ് വെങ്കിടേഷ് അയ്യരെ റിലീസ് ചെയ്യണമെന്നും സഞ്ജുവിനെ ടീമിലെത്തിക്കണമെന്നുമാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറയുന്നത്.

അടുത്ത സീസണിന് മുന്നേടിയായി തന്നെ റിലീസ് ചെയ്യുകയോ ട്രേഡ് വിന്‍ഡോയില്‍ വിടുകയോ വേണമെന്ന് സഞ്ജു സാംസണ്‍ ടീമിനെ അറിയിച്ചതായി താരവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും ചര്‍ച്ചയിലേക്കുയരുകയാണ്.

ഈ സാഹചര്യത്തിലാണ് നൈറ്റ് റൈഡേഴ്‌സ് സഞ്ജു സാംസണെ സ്വന്തമാക്കണമെന്ന ആകാശ് ചോപ്ര പറയുന്നത്.

‘കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സായിരിക്കും സഞ്ജുവിനെ സ്വന്തമാക്കാന്‍ ഏറ്റവുമധികം താത്പര്യം പ്രകടിപ്പിക്കുന്ന ടീം എന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ക്ക് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറില്ല, അത് അവരെ സംബന്ധിച്ച് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

സഞ്ജു ഒരു ക്യാപ്റ്റന്‍സി മെറ്റീരിയല്‍ കൂടിയാണ്. അവരുടെ നിലവിലെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ക്യാപ്റ്റന്‍സിയില്‍ മികച്ചുനിന്നുവെന്നും റണ്‍സ് സ്‌കോര്‍ ചെയ്തുവെന്നതും എനിക്ക് വ്യക്തമായി അറിയാവുന്ന കാര്യമാണ്. അജിന്‍ക്യ രഹാനെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ അനുയോജ്യനാണ്, മറിച്ചാണെങ്കില്‍ ബാറ്റിങ് ഓര്‍ഡര്‍ ബുദ്ധിമുട്ടിലാകും.

സഞ്ജു സാംസണെ സ്വന്തമാക്കാനായി റിലീസ് ചെയ്യാന്‍ പറ്റിയ ഒരാള്‍ കൊല്‍ക്കത്തയില്‍ തന്നെയുണ്ട്. 24 കോടിക്കാണ് വെങ്കിടേഷ് അയ്യരിനെ അവര്‍ സ്വന്തമാക്കിയത്. അവനെ റിലീസ് ചെയ്യുന്നതിലൂടെ അവര്‍ക്ക് വലിയ വ്യത്യാസമുണ്ടാക്കാന്‍ സാധിക്കും,’ ചോപ്ര വ്യക്തമാക്കി.

കഴിഞ്ഞ സീസണ്‍ സഞ്ജുവിനെ സംബന്ധിച്ച് തീര്‍ത്തും നിരാശാജനകമായിരുന്നു. ഒമ്പതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. താരലേലത്തിലെ മോശം തീരുമാനങ്ങള്‍ മുതല്‍ താരങ്ങളുടെ മോശം പ്രകടനം വരെ തൊട്ടതെല്ലാം പൊള്ളിയതോടെയാണ് രാജസ്ഥാന്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത്. ഒപ്പം സഞ്ജുവിന്റെ പരിക്കും ടീമിന് വിനയായി.

പരിശീലകന്റെ റോളിലെത്തിയ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനങ്ങളും വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. കുമാര്‍ സംഗക്കാര പടുത്തുയര്‍ത്തിയ ഒരു ടീമിനെ ദ്രാവിഡ് ഒന്നുമല്ലാതാക്കി മാറ്റി എന്നായിരുന്നു രാജസ്ഥാന്‍ ആരാധകര്‍ പോലും വിമര്‍ശിച്ചത്.

പരിക്കിന്റെ പിടിയിലകപ്പെട്ട സഞ്ജു പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാത്തതിനാല്‍ ഇംപാക്ട് പ്ലെയറായി മാത്രമാണ് സഞ്ജു കളത്തിലിറങ്ങിയത്. റിയാന്‍ പരാഗാണ് ഈ മത്സരങ്ങളില്‍ ടീമിനെ നയിച്ചത്.

പരിക്കില്‍ നിന്നും മുക്തനായി മടങ്ങിയെത്തി ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്ത സഞ്ജു അധികം വൈകാതെ വീണ്ടും പരിക്കിന്റെ പിടിയിലായി. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലാണ് താരം പരിക്കേറ്റ് പുറത്തായത്. ശേഷം അനായാസം ജയിക്കാന്‍ സാധിക്കുന്ന മത്സരങ്ങള്‍ താരങ്ങളുടെ സ്വാര്‍ത്ഥത കൊണ്ട് പരാജയപ്പെട്ട് രാജസ്ഥാന്‍ പുറത്താകുകയായിരുന്നു.

Content Highlight: Akash Chopra says Kolkata Knight Riders should sign Sanju Samson

We use cookies to give you the best possible experience. Learn more