ഇന്ത്യന്‍ ടി – 20 ക്യാപ്റ്റന്‍സിയെ കുറിച്ചാണ് ക്രിക്കറ്റ് സര്‍ക്കിളില്‍ ഇപ്പോള്‍ സജീവ ചര്‍ച്ച. സൂര്യകുമാര്‍ യാദവിനെ നായകസ്ഥാനത്ത് നിന്ന് നീക്കുമെന്നും ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കിയേക്കുമെന്നുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
ഇപ്പോള്‍ ഇതില്‍ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. താനാണ് സെലക്ടറെങ്കില്‍ സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്തി ശ്രേയസ് അയ്യര്‍ക്ക് അവസരം നല്‍കുകയാണ് താന്‍ ആദ്യം ചെയ്യുക എന്ന് അദ്ദേഹം പറഞ്ഞു.
നേതൃപാടവമുള്ള ശ്രേയസിനെ ടി – 20 ടീമില്‍ ഉള്‍പ്പെടുത്തി സ്വയം തെളിക്കാന്‍ അവസരം നല്‍കുകയാണ് വേണ്ടതെന്നും രണ്ട് മാസം മുമ്പ് വരെ ടീമില്‍ സ്ഥാനം ഇല്ലാതിരുന്ന ഒരാളെ പെട്ടെന്ന് ക്യാപ്റ്റനാക്കുന്നത് ശരിയായ തീരുമാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.
ആകാശ് ചോപ്ര. Photo: Mahi Patel/x.com
‘ഞാന്‍ ആദ്യം ശ്രേയസ് അയ്യരിന് ടി – 20 ടീമില്‍ അവസരം നല്‍കി ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്തും. ശ്രേയസിനെ സാവധാനം ടീമിലേക്ക് കൊണ്ടുവന്ന് ക്രമേണ താരത്തിന് ക്യാപ്റ്റന്‍സി നല്‍കാനാണ് ശ്രമിക്കുക. അവനെ ഉടനെ തന്നെ ക്യാപ്റ്റനാക്കണമെന്ന് ഞാന്‍ പറയില്ല. പക്ഷേ അതിന് യോഗ്യതയുള്ള ആളായതിനാൽ ക്യാപ്റ്റനാക്കുക എന്ന ഒരു ചിന്തയുണ്ടാകും.
എന്റെ വോട്ട് അവസാനം ശ്രേയസ് അയ്യര്‍ക്ക് തന്നെയായിരിക്കും. അവനെ ആദ്യം ടി – 20 ടീമിലേക്ക് കൊണ്ടുവരണം, പിന്നീട് ഈ ഫോര്‍മാറ്റില്‍ അവനെ സ്വയം തെളിയിക്കേണ്ടതുണ്ട്. അതിനുശേഷം കുറച്ച് മാസങ്ങള്‍ക്ക് ശേഷം ക്യാപ്റ്റന്‍സി നല്‍കുക, ഇങ്ങനെയാകണം നടക്കേണ്ടത്.
ഇപ്പോള്‍ ശ്രേയസിനെ ക്യാപ്റ്റനാക്കിയാല്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് തോന്നിപ്പോകും. രണ്ട് മാസം മുമ്പ് വരെ അവന്‍ നിങ്ങളുടെ 15 അംഗ ടീമിന്റെ ഭാഗമായിരുന്നില്ല. നിങ്ങളുടെ ചിന്തയില്‍ പോലും അവന്റെ പേരുണ്ടായിരുന്നില്ല. ഇപ്പോള്‍ അവന്‍ ക്യാപ്റ്റനാവുകയാണ്. അത് എനിക്ക് ശരിയായി തോന്നുന്നില്ല,’ ചോപ്ര പറഞ്ഞു.
ശ്രേയസ് അയ്യരും സൂര്യകുമാർ യാദവും. Photo: Sahil Malhotra/x.com
ഇന്ത്യയ്ക്ക് ടി – 20 ലോകകപ്പ് നേടികൊടുത്തെങ്കിലും ബാറ്റിങ്ങിലെ മോശം ഫോമാണ് സൂര്യയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. സ്‌കൈയ്ക്ക് പകരക്കാരനായി എത്താന്‍ ശ്രേയസ് അയ്യര്‍ക്ക് തന്നെയാണ് സാധ്യത. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ക്ക് താരത്തെ ക്യാപ്റ്റനാക്കാനാണ് താത്പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlight: Akash Chopra says India should first give a chance to Shreyas Iyer and kept Suryakumar Yadav as captain in T20I team