| Tuesday, 24th March 2026, 11:03 pm

സഞ്ജുവിനെ സി.എസ്. കെയുടെ പുതിയ 'സൂപ്പര്‍ കിങ്ങായി' കാണാനാണ് ആഗ്രഹം: ആകാശ് ചോപ്ര

ഫസീഹ പി.സി.

സഞ്ജു സാംസണിനെ സി.എസ്.കെയുടെ പുതിയ സൂപ്പര്‍ കിങ്ങായി കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് ആകാശ് ചോപ്ര. സഞ്ജു തന്റെ ഫോം തുടരുകയാണെങ്കില്‍ ടീമിന്റെ ബാറ്റിങ് ശക്തമാക്കുമെന്നും ആയുഷ് മാഹ്‌ത്രെയുടെ കൂടെ താരം ഓപ്പണ്‍ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജുവിന് മുന്നില്‍ ഇപ്പോള്‍ വലിയൊരു അവസരമുണ്ടെന്നും തന്റെ ഫോം അതേപടി നിലനിര്‍ത്താന്‍ അവന് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.

ആകാശ് ചോപ്ര. Photo: Mahi Patel/x.com

‘ആയുഷ് മാഹ്‌ത്രെയോടൊപ്പം സഞ്ജു സാംസണിനെ അവിടെ കാണാന്‍ സാധിക്കും. സഞ്ജുവിന്റെ ബാറ്റിങ് രീതി കാണുമ്പോള്‍ അവന്‍ നിലവിലെ ഫോം തുടരണമെന്നാണ് ആഗ്രഹം. ഒപ്പം, അവന്‍ സി. എസ്. കെയുടെ ‘സൂപ്പര്‍ കിങ്ങായി’ മാറണമെന്നും ഒരുപാട് റണ്‍സ് നേടണമെന്നുമാണ് ഏവരും ആഗ്രഹിക്കുന്നത്.

സഞ്ജുവിന് മുന്നില്‍ ഇപ്പോള്‍ വലിയൊരു അവസരമുണ്ട്. തന്റെ ഫോം അതേപടി നിലനിര്‍ത്താന്‍ അവന് സാധിക്കണം. അവന്‍ ഇപ്പോള്‍ തന്നെ വലിയൊരു ആരാധക വൃന്ദമുണ്ട്. കേരളത്തില്‍ സഞ്ജു എന്ന പേരിനോടുള്ള ആരാധന അപാരമാണ്. ഇതിനോടൊപ്പം ചെന്നൈയുടെ ആരാധകക്കൂട്ടം കൂടി ചേരുമ്പോള്‍ ഉണ്ടാകുന്ന ആവേശം അതിശയകരമായിരിക്കും. സഞ്ജുവിനോടുള്ള സ്‌നേഹവും പിന്തുടര്‍ച്ചയും ഇതോടെ മറ്റൊരു തലത്തിലേക്ക് മാറും,’ ചോപ്ര പറഞ്ഞു.

സഞ്ജു സാംസൺ.

ഐ.പി.എല്‍ 2026ന് മുന്നോടിയായി സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈയില്‍ എത്തിക്കുകയായിരുന്നു. രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനല്‍കിയായിരുന്നു ഇത്.

അതേസമയം, സഞ്ജു ടി – 20 ലോകകപ്പില്‍ മിന്നും പ്രകടനം നടത്തിയാണ് തന്റെ പുതിയ ടീമിനായി ഐ.പി.എല്ലില്‍ കളിക്കാന്‍ ഒരുങ്ങുന്നത്. ലോകകപ്പിന് മുമ്പ് ടീമില്‍ നിന്ന് പുറത്തായ താരം പിന്നീട് ടീമിലെത്തി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളില്‍ താരം 321 റണ്‍സാണ് എടുത്തത്. ഈ പ്രകടനം താരത്തിന് ലോകകപ്പ് താരമെന്ന പട്ടവും സമ്മാനിച്ചിരുന്നു.

Content Highlight: Akash Chopra says he likes to see Sanju Samson as CSK new super king

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more