ഐ.പി.എല്‍ 2026ല്‍ മലയാളി താരം സഞ്ജു സാംസണിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. സഞ്ജു ടി – 20 ലോകകപ്പിലെ അവസാന മൂന്ന് മത്സരത്തില്‍ പുലര്‍ത്തിയ പക്വത അത്ഭുതകരമാണെന്നും അത് ഐ.പി.എല്ലില്‍ ചെന്നൈക്കൊപ്പവും തുടര്‍ന്നാല്‍ ഐ.പി.എല്ലില്‍ റണ്‍ ഒഴുകുമെന്ന് അദ്ദേഹം പറഞ്ഞു.
‘തല’ ധോണിയും ‘ചേട്ടന്‍’ സഞ്ജുവും ഒന്നിക്കുന്ന ഈ കഥ അതിമനോഹരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.
ആകാശ് ചോപ്ര. Photo: Mahi Patel/x.com
‘ടി – 20 ലോകകപ്പിലെ അവസാന മൂന്ന് മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ പുലര്‍ത്തിയ പക്വത അത്ഭുതകരമാണ്. അതേ പക്വതയോടെ ഐ.പി.എല്ലില്‍ ചെന്നൈക്കൊപ്പവും കളിക്കാന്‍ സാധിച്ചാല്‍ റണ്‍സ് ഒഴുകും.
സഞ്ജുവിനെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കാന്‍ ചെന്നൈയ്ക്ക് സാധിക്കും. അങ്ങനെയെങ്കില്‍ അവന് ഇത് മികച്ചൊരു ഇടമാണ്. ‘തല’ ധോണിയും ‘ചേട്ടന്‍’ സഞ്ജുവും ഒന്നിക്കുന്ന ഈ കഥ വളരെ മനോഹരമായിരിക്കും. സഞ്ജുവിന് ഇപ്പോള്‍ വിക്കറ്റ് കീപ്പിങ് ലഭിച്ചേക്കില്ല. അതിനാല്‍ തന്നെ അവന്‍ ഈ സീസണില്‍ ഒരുപാട് റണ്‍സ് കണ്ടെത്തും,’ ചോപ്ര പറഞ്ഞു.
സഞ്ജു ടി – 20 ലോകകപ്പിലെ അവസാന മൂന്ന് മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ 97 റണ്‍സെടുത്ത താരം ഇംഗ്ലണ്ടിനെതിരെയും ന്യൂസിലാന്‍ഡിനെതിരെയും 89 റണ്‍സ് വീതവുമെടുത്തിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഉയര്‍ന്ന റണ്‍ ഗെറ്ററായ മലയാളി വിക്കറ്റ് കീപ്പര്‍ തന്നെയാണ് ലോകകപ്പിലെ താരമായതും.
സഞ്ജു സാംസൺ. Photo: Johns/x.com
ഈ പ്രകടനങ്ങളുടെ ആത്മവിശ്വാസത്തിലാണ് സഞ്ജു ഇത്തവണത്തെ ഐ.പി.എല്ലിന് ഒരുങ്ങുന്നത്. അതാകട്ടെ തന്റെ പുതിയ ടീമായ ചെന്നൈക്കൊപ്പവുമാണ് എന്നതാണ് ശ്രദ്ധേയം. മാര്‍ച്ച് 30നാണ് മലയാളി താരം ചെന്നൈയിലെ അരങ്ങേറ്റത്തിന് എത്തുക. തന്റെ മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.
Content Highlight: Akash Chopra says he expecting to Sanju Samson to score lot of runs in IPL 2026