| Thursday, 30th January 2025, 9:14 pm

ഗൂഗിള്‍ നോക്കാതെ ആ അഞ്ച് താരങ്ങളുടെ പേര് പറയാന്‍ സാധിക്കുമോ? എനിക്ക് സംശയമാണ്; ചോദ്യവുമായി ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ദിവസങ്ങള്‍ക്ക് മുമ്പാണ് ഐ.സി.സി അവാര്‍ഡ് പ്രഖ്യാപിച്ചത്. പോയ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷ, വനിതാ ക്രിക്കറ്റര്‍മാര്‍ക്കുള്ള പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകളാണ് ഐ.സി.സി പ്രഖ്യാപിച്ചത്. പോയ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്ററായി ജസ്പ്രീത് ബുംറയും വനിതാ ക്രിക്കറ്ററായ അമേലിയ കേറുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

എന്നാല്‍ ഈ പുരസ്‌കാര ജേതാക്കളെല്ലാം വിസ്മരിക്കപ്പെടുകയാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ ഒരു ജേതാവിനെ പോലും തനിക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2024ലെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റര്‍ക്കുള്ള ഗാരി സോബേഴ്‌സ് ട്രോഫി പുരസ്‌കാരം സ്വന്തമാക്കിയ ജസ്പ്രീത് ബുംറയുടെ ഈ നേട്ടം ഏറെ പ്രശംസനീയമാണ്. പ്രത്യേകിച്ചും ബൗളര്‍മാര്‍ക്ക് ഇത്തരം അംഗീകാരങ്ങള്‍ അപൂര്‍വമായി മാത്രമേ ലഭിക്കാറുള്ളൂ എന്ന സാഹചര്യത്തില്‍.

ഈ പുരസ്‌കാരം ലഭിച്ച അവസാന ബൗളര്‍ രവിചന്ദ്രന്‍ അശ്വിനാണ്. പ്രധാനമായും അദ്ദേഹത്തിന്റെ ബാറ്റിങ് കൂടി കണക്കിലെടുത്തുകൊണ്ടാണ് ഈ പുരസ്‌കാരം ലഭിച്ചത്.

എന്നാല്‍ ഒരു പ്യുവര്‍ ബൗളര്‍ക്ക് ഇത്തരം അംഗീകാരങ്ങള്‍ ലഭിക്കുന്നത് അപൂര്‍വമാണ്. ബുംറ തന്റെ മികച്ച പ്രകടനങ്ങള്‍ കൊണ്ട് തീര്‍ച്ചയായും അത് നേടിയെടുത്തു.

ടി-20 ലോകകപ്പില്‍ അദ്ദേഹമാണ് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത്. ടെസ്റ്റ് മത്സരങ്ങളില്‍ നിന്നുമായി 71 വിക്കറ്റുകളും നേടി. അര്‍ഷ്ദീപ് സിങ്ങും ചലനങ്ങളുണ്ടാക്കുകയാണ്.

എന്നാല്‍ ഒരു ചോദ്യം, ഗൂഗിളില്‍ നോക്കാതെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പുരസ്‌കാര ജേതാക്കള്‍ ആരെല്ലാമാണെന്ന് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുമോ? എനിക്ക് സംശയമുണ്ട്, ഞാന്‍ പോലും അത് ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാണ്,’ ആകാശ് ചോപ്ര പറഞ്ഞു.

ജസ്പ്രീത് ബുംറയ്ക്ക് മുമ്പ് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ് ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റര്‍ക്കുള്ള ഗാരി സോബേഴ്‌സ് ട്രോഫി സ്വന്തമാക്കിയത്. 2022ല്‍ ബാബര്‍ അസമിലൂടെയും 2021ല്‍ ഷഹീന്‍ ഷാ അഫ്രിദിയിലൂടെയും പുരസ്‌കാരം പാകിസ്ഥാനിലെത്തി.

ഗാരി സോബേഴ്‌സ് ട്രോഫിയുമായി ഷഹീന്‍ അഫ്രിദി

2019ല്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സാണ് പുരസ്‌കാരം സ്വന്തമാക്കിയത്. 2018ലും 2017ലും തന്റെ ഹീറോയിക് പെര്‍ഫോമന്‍സുകളിലൂടെ വിരാട് കോഹ്‌ലിയാണ് പുരസ്‌കാരം നേടിയത്. അശ്വിന്‍ 2016ലും ഗാരി സോബേഴ്‌സ് ട്രോഫിയില്‍ മുത്തമിട്ടു.

ക്രിക്കറ്റര്‍ ഓഫ് ദി ഡെക്കേഡായി (2011-2020) വിരാട് കോഹ്‌ലിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ന്യൂസിലാന്‍ഡ് ഇതിഹാസം അമേലിയ കേറാണ് ഇത്തവണത്തെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്. 2022ലും 2023ലും ഇംഗ്ലണ്ട് സൂപ്പര്‍ താരം നാറ്റ് സ്‌കിവര്‍ ബ്രണ്ടാണ് പുരസ്‌കാരത്തില്‍ മുത്തമിട്ടത്.

2017ലും 2019ലും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം എല്ലിസ് പെറിയും 2018ലും 2020ലും സ്മൃതി മന്ഥാനയും പുരസ്‌കാര ജേതാക്കളായി.

Content Highlight: Akash Chopra says he can’t recall the ICC Cricketer of the Year award winners from the past five years.

We use cookies to give you the best possible experience. Learn more