ടി – 20 ലോകകപ്പിന്റെ ആവേശം പൂര്‍ണമായി കെട്ടടങ്ങും മുമ്പ് തന്നെ മറ്റൊരു ക്രിക്കറ്റ് പൂരത്തിന് അരങ്ങുണരുകയാണ്. അതേ, ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഐ.പി.എല്‍ മാമാങ്കത്തിനാണ് ഈ മാസം അവസാനം തുടക്കമാവുന്നത്.
മാര്‍ച്ച് 28ന് ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആര്‍.സി.ബി) സണ്‍റൈസേഴ്സ് ഹൈദരാബാദും (എസ്.ആര്‍.എച്ച്) തമ്മിലുള്ള മത്സരത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാവുക. 19ാം എഡിഷനിലെ ഉദ്ഘാടന മത്സരത്തിന് വേദിയാവുന്നത് ആര്‍.സി.ബിയുടെ ചിന്നസ്വാമി സ്റ്റേഡിയമാണ്.
ആകാശ് ചോപ്ര. Photo: Mahi Patel/x.com
ഇപ്പോള്‍ ഈ സീസണിലെ ഓറഞ്ച് ക്യാപ് ആര് നേടുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. മലയാളി താരം സഞ്ജു സാംസണ്‍ ഇത്തവണ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.
2026 ടി – 20 ലോകകപ്പിലെ സഞ്ജുവിന്റെ ഫോം ഐ.പി.എല്ലിലും തുടരുമെന്നും ചോപ്ര പറഞ്ഞു. ലോകകപ്പില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ഹാട്രിക്ക് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു.
രാജസ്ഥാൻ ജേഴ്സിൽ സഞ്ജു സാംസൺ. Photo: Rajasthan Royals/x.com
സഞ്ജു ഐ.പി.എല്ലില്‍ 2013 മുതല്‍ കളിക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ഡെയര്‍ ഡെവിള്‍സ് എന്നീ ടീമുകള്‍ക്കായി കളിച്ച താരം 4704 റണ്‍സെടുത്തിട്ടുണ്ട്. എന്നാല്‍, തന്റെ 13 വര്‍ഷത്തെ കരിയറില്‍ ഇതുവരെ താരത്തിന് ഓറഞ്ച് ക്യാപ് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.
2024 സീസണിലാണ് റണ്‍ വേട്ടക്കാരില്‍ സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനം. അന്ന് താരം 16 മത്സരങ്ങളില്‍ കളിച്ച് 531 റണ്‍സെടുത്തിരുന്നു. ഓറഞ്ച് ക്യാപ് റേസില്‍ അഞ്ചാമതായാണ് 17ാം സീസണ്‍ മലയാളി കീപ്പര്‍ അവസാനിപ്പിച്ചത്.
അതേസമയം, പുതിയ ടീമിനൊപ്പമാണ് സഞ്ജു ഇത്തവണ കളത്തിലെത്തുന്നത്. രാജസ്ഥാന്‍ റോയല്‍സിനെ നാല് വര്‍ഷത്തോളം നയിച്ച താരം ടൂര്‍ണമെന്റിലെ ഏറ്റവും വിജയകരമായ ടീമുകള്‍ ഒന്നായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് ഈ സീസണില്‍ ബാറ്റേന്തുക.
സഞ്ജു സാംസൺ. Photo: Johns/x.com
ഈ സീസണിന് മുന്നോടിയായി സ്വാപ് ഡീലിലൂടെയാണ് സഞ്ജു മഞ്ഞക്കുപ്പായത്തിലെത്തിയത്. രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാന്‍ കൈമാറിയാണ് മലയാളി താരത്തെ ചെന്നൈ തട്ടകത്തിലേക്കെത്തിച്ചത്.
Content Highlight: Akash Chopra predicts that Sanju Samson will be winner of orange cap in IPL 2026