| Sunday, 9th February 2025, 11:31 am

ഫൈനലിലോ അതോ സെമി ഫൈനലിലോ? ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാന്റെ ഭാവി പ്രവചിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ചരിത്രത്തിലാദ്യമായി അഫ്ഗാനിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയിരിക്കുകയാണ്. 2023ലെ ഏകദിന ലോകകപ്പില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് അഫ്ഗാന്‍ സിംഹങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫിക്കെത്തിയത്.

ടൂര്‍ണമെന്റില്‍ അഫ്ഗാനിസ്ഥാന്റെ സാധ്യതകള്‍ വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാന്‍ സെമി ഫൈനലില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് ചോപ്ര വിശ്വസിക്കുന്നത്.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ചോപ്ര അഫ്ഗാനിസ്ഥാനെ കുറിച്ച് സംസാരിക്കുന്നത്.

‘അഫ്ഗാനിസ്ഥാന്റെ സ്ട്രാറ്റജി വളരെ സിംപിളാണ്. അവര്‍ 40 ഓവറും സ്പിന്നര്‍മാരെക്കൊണ്ട് എറിയിക്കും. എത്ര ഫ്‌ളാറ്റായ പിച്ചൊരുക്കിയാലും, അവരുടെ സ്പിന്‍ നിരയുടെ ക്വാളിറ്റി കണക്കിലെടുക്കുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ ഈ കടമ്പകളെല്ലാം മറികടക്കും.

നിങ്ങള്‍ റാഷിദ് ഖാനില്‍ നിന്നും രക്ഷപ്പെട്ടാല്‍ ചെന്നുപെടുന്നത് നൂര്‍ അഹമ്മദിന്റെ മുമ്പിലായിരിക്കും. നൂര്‍ അഹമ്മദിനെയും മറികടന്നാല്‍ അവിടെ അള്ളാ ഘന്‍സഫറുണ്ടാകും. നിങ്ങള്‍ അവിടെയും രക്ഷപ്പെട്ടു എന്നിരിക്കട്ടെ, അഫ്ഗാനിസ്ഥാന് തുണയാകാന്‍ മുഹമ്മദ് നബിയുടെ പരിചയസമ്പത്ത് അവിടെയുണ്ടാകും,’ ചോപ്ര പറഞ്ഞു.

ടീമിന്റെ ബാറ്റിങ് സ്ട്രാറ്റജിയെ കുറിച്ചും ചോപ്ര സംസാരിച്ചു.

‘അവര്‍ 270-280 റണ്‍സ് മത്സരങ്ങളായിരിക്കും ആഗ്രഹിക്കുന്നത്. 325-350 റണ്‍സ് പിറക്കുന്ന മത്സരങ്ങള്‍ ഒരിക്കലും അവര്‍ ആഗ്രഹിക്കില്ല. അവരുടെ റേഞ്ച് 250നും 290നും ഇടയിലാണ്, അത് അവരുടെ ബാറ്റിങ് യൂണിറ്റ് നോക്കിക്കോളും. ആ സ്‌കോറിലെത്താന്‍ അവര്‍ എതിരാളികളെ അനുവദിക്കുകയുമില്ല.

ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിക്കാന്‍ അവര്‍ക്ക് വലിയ അവസരമുണ്ട്. അതിനുള്ള സാധ്യതകള്‍ വളരെ വലുതാണ്,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സ്പിന്‍ നിരയെക്കാള്‍ മികച്ച സ്പിന്‍ ഡിപ്പാര്‍ട്‌മെന്റാണ് അഫ്ഗാനിസ്ഥാനുള്ളത് എന്നും ചോപ്ര അഭിപ്രായപ്പെട്ടിരുന്നു.

‘എന്തൊക്കെയാണ് അഫ്ഗാനിസ്ഥാന്റെ ശക്തി? ആദ്യം തന്നെ പറയട്ടെ, ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച സ്പിന്‍ നിര അവരുടേതാണ്. അതിനര്‍ത്ഥം നമ്മള്‍ (ഇന്ത്യ) മികച്ച സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നല്ല.

നമ്മള്‍ക്കൊപ്പം നാല് സ്പിന്നര്‍മാരുണ്ട്. നിലവില്‍ പ്രഖ്യാപിച്ച സ്‌ക്വാഡില്‍ മൂന്ന് ഫിംഗര്‍ സ്പിന്നേഴ്സും കുല്‍ദീപ് യാദവുമുണ്ട്. നമ്മളുടേത് മികച്ചതല്ല എന്നല്ല, അവരുടേതാണ് നമ്മളേക്കാള്‍ മികച്ച സ്പിന്‍ നിര.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള അഫ്ഗാനിസ്ഥാന്‍ സ്‌ക്വാഡ് (നിലവില്‍)

ഇബ്രാഹിം സദ്രാന്‍, റഹ്‌മാനുള്ള ഗുര്‍ബാസ്, സെദിഖുള്ള അടല്‍, റഹ്‌മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), ഇക്രം അലിഖില്‍, ഗുല്‍ബദിന്‍ നായിബ്, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി, അള്ളാ ഗസന്‍ഫര്‍, ഫരീദ് മാലിക്, നവീദ് സദ്രാന്‍

റിസര്‍വ്: ദാര്‍വിഷ് റസൂലി, നംഗ്യാല്‍ ഖരോട്ടി, ബിലാല്‍ സാമി

സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബി-യിലാണ് അഫ്ഗാനിസ്ഥാന്‍. ഫെബ്രുവരി 21ന് സൗത്ത് ആഫ്രിക്കയ്ക്കെതിരെയാണ് അഫ്ഗാന്റെ ആദ്യ മത്സരം.

Content highlight: Akash Chopra predicts Afghanistan’s ICC Champions Trophy chances

We use cookies to give you the best possible experience. Learn more