| Thursday, 7th May 2026, 2:31 pm

ടൂർണമെന്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ അവനാണ്: ആകാശ് ചോപ്ര

Sudev A

സൺറൈസേഴ്‌സ് ഹൈദരാബാദ് ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ പ്രശംസിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ടൂർണമെന്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ എന്നാണ് നിതീഷിനെ ചോപ്ര വിശേഷിപ്പിച്ചത്.പഞ്ചാബ് കിങ്സിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ റെഡ്ഡി തിളങ്ങിയിരുന്നു.

റെഡ്ഡി കളിക്കാതിരുന്നപ്പോൾ ഹൈദരാബാദ് ദുർബലരായെന്നും എന്നാൽ താരം തിരിച്ചെത്തിയപ്പോൾ ടീം കരുത്തുറ്റതായി മാറിയെന്നുമാണ് ചോപ്ര പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.

‘ഈ ടൂർണമെന്റിലെ നിലവിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറാണ് അദ്ദേഹം. മറ്റൊരു ഓൾ റൗണ്ടറും 200 റൺസ് നേടുകയും അഞ്ചോ അതിൽ കൂടുതലോ വിക്കറ്റുകൾ നേടിയിട്ടില്ല. അദ്ദേഹത്തിന് ഒരു മത്സരം നഷ്ടമായപ്പോൾ ടീം ദുർബലമായി കാണപ്പെട്ടു. എന്നാൽ അദ്ദേഹം തിരിച്ചെത്തിയ നിമിഷം ടീം മികച്ചതായാണ് തോന്നിയത്,’ ആകാശ് ചോപ്ര പറഞ്ഞു.

അതേസമയം സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെ 33 റൺസിനായിരുന്നു ഓറഞ്ച് ആർമി വീഴ്ത്തിയത്. ഹൈദരാബാദ് ഉയർത്തിയ 236 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് നിരയിൽ കൂപ്പർ കനോലി സെഞ്ച്വറി നേടിയെങ്കിലും ടീമിന് 202 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. ഇതോടെ ഹൈദരാബാദ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. പഞ്ചാബ് തുടർച്ചയായ മൂന്നാം തോൽവിയോടെ രണ്ടാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഹെന്റിക് ക്ലാസൻ (43 പന്തിൽ 69), ഇഷാൻ കിഷൻ (32 പന്തിൽ 55) എന്നിവരുടെ കരുത്തിലാണ് കൂറ്റൻ ടോട്ടൽ സ്വന്തമാക്കിയത്. ട്രാവിസ് ഹെഡ് 38 റൺസും അഭിഷേക് ശർമ 35 റൺസും നിതീഷ് കുമാർ റെഡ്‌ഡി 29 റൺസും നേടി ടീമിന്റെ സ്‌കോർ ഉയർത്തുന്നതിൽ നിർണായകമായി.

പഞ്ചാബിനായി ഓസ്‌ട്രേലിയൻ യുവതാരം കൂപ്പർ കനോലി സെഞ്ച്വറി നേടി. 59 പന്തിൽ പുറത്താവാതെ 107 റൺസ് നേടിയാണ് കനോലി തിളങ്ങിയത്. ഏഴ് ഫോറുകളും എട്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

Content Highlight: Akash Chopra Praises Nithish Kumar Reddy Performance in IPL

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more