| Sunday, 17th August 2025, 8:12 pm

ഇന്ത്യന്‍ കോച്ചായി സാക്ഷാല്‍ എം.എസ്. ധോണിയെത്തിയാല്‍... തുറന്നുപറഞ്ഞ് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി ഇന്ത്യയുടെ പരിശീലകനായി എത്തുന്നതിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. പരിശീലകന്റെ ജോലി ഏറെ പ്രയാസമുള്ളതാണെന്നും ധോണി ആ ചുമതലയേറ്റെടുക്കാന്‍ സാധ്യതയില്ലെന്നും ചോപ്ര പറഞ്ഞു.

യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

‘ഇത് വളരെ വലിയ ഒരു ചുമതലയാണ്. അദ്ദേഹം (എം.എസ്. ധോണി) ഇക്കാര്യത്തില്‍ വലിയ താത്പര്യം കാണിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കോച്ചിങ് ഏറെ ബുദ്ധിമുട്ടേറിയ ജോലിയാണ്. അത് എല്ലായ്‌പ്പോഴും നിങ്ങളെ തിരക്കുള്ള ആളാക്കി മാറ്റും. എപ്പോഴുമില്ലെങ്കില്‍ ടീം കളിക്കുമ്പോഴെങ്കിലും,’ ചോപ്ര പറഞ്ഞു.

കളിക്കളത്തില്‍ നിന്നും പടിയിറങ്ങിയ ശേഷം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സാധിക്കുന്ന സമയം കോച്ചിങ്ങിലൂടെ നഷ്ടപ്പെടുമെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

‘ഇതുകൊണ്ടാണ് പല താരങ്ങളും കോച്ചിങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഇനി അഥവാ അവര്‍ പരിശീലകരായി എത്തുകയാണെങ്കില്‍ ഐ.പി.എല്ലില്‍ രണ്ട് മാസത്തെ ചെറിയ സമയത്തേക്കായിരിക്കുമത്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവുക എന്നാല്‍ ഒരു വര്‍ഷത്തിലെ പത്ത് മാസങ്ങള്‍ ഇതിന് വേണ്ടി മാത്രമായി മാറ്റിവെക്കണം,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഏഷ്യാ കപ്പിലെ ഇന്ത്യ

ഏഷ്യാ കപ്പിലെ ഇന്ത്യന്‍ പ്ലെയിങ് ഇലവനെ കുറിച്ച് ആകാശ് ചോപ്ര സംസാരിച്ചിരുന്നു. ഇന്ത്യ തീര്‍ച്ചയായും മൂന്നാം ഓപ്പണര്‍ എന്ന ഓപ്ഷന്‍ പരിഗണിക്കണമെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്.

‘ആരെയെങ്കിലും പുറത്തിരുത്തേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നില്ല. സ്‌ക്വാഡില്‍ മറ്റൊരു ഓപ്പണര്‍ കൂടിയുണ്ടാകുന്നത് തീര്‍ച്ചയായും നിര്‍ണായകമാകും. ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയില്‍ ഇന്ത്യ മൂന്നാം ഓപ്പണറെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

പരമ്പരയില്‍ അഭിഷേക് ശര്‍മയോ സഞ്ജു സാംസണോ ഫോം നഷ്ടപ്പെടുകയാണെങ്കില്‍ ആര് ഓപ്പണറാകും എന്നതിനെ കുറിച്ചും ഇന്ത്യ ചിന്തിച്ചില്ല. നിങ്ങള്‍ ഇപ്പോള്‍ (ഏഷ്യാ കപ്പ്) മൂന്നാം ഓപ്പണര്‍ എന്ന ഓപ്ഷന്‍ പരിഗണിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ലോകകപ്പില്‍ മൂന്നാം ഓപ്പണര്‍ ഉണ്ടായിരിക്കണം,’ ചോപ്ര പറഞ്ഞു.

‘ഇപ്പോള്‍, ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യ മൂന്നാം ഓപ്പണറായി പരിഗണിക്കുന്നതെങ്കില്‍, നിങ്ങള്‍ക്ക് അവനെ ബെഞ്ചില്‍ ഇരുത്താന്‍ സാധിക്കുമോ? പ്ലെയിങ് ഇലവനില്‍ ഗില്ലിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ആരെ നിങ്ങള്‍ ഡ്രോപ് ചെയ്യും?

നിങ്ങള്‍ പുറത്തിരുത്തുന്ന താരം സഞ്ജു സാംസണ്‍ ആണെങ്കില്‍ ആരായിരിക്കും വിക്കറ്റ് കീപ്പറായി എത്തുക? അതാണ് പ്രശ്നം.

സഞ്ജു മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്നത് കാണാനാകില്ല. മൂന്ന്, നാല് നമ്പറുകളില്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ഇറങ്ങാനാണ് സാധ്യത. അങ്ങനെയെങ്കില്‍ സഞ്ജു അഞ്ചാം നമ്പറിലോ? അതൊരിക്കിലും മികച്ചതായിരിക്കില്ല,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.

Content Highlight: Akash Chopra on MS Dhoni becoming Indian coach

We use cookies to give you the best possible experience. Learn more