| Thursday, 7th May 2026, 9:00 pm

സഞ്ജുവിന്റേത് ഒരു മാസ്റ്റര്‍ ക്ലാസ്, രോഹിത്തിന്റെ അതേ നിലവാരമുള്ള പ്രകടനം: ചോപ്ര

ഫസീഹ പി.സി.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഐ.പി.എല്ലില്‍ ഒരിക്കല്‍ കൂടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇത്തവണ ചേട്ടന്റെ ബാറ്റിന്റെ ചൂടറിഞ്ഞത് ദല്‍ഹി ക്യാപിറ്റല്‍സാണ്. ദല്‍ഹിക്കെതിരെയുള്ള രണ്ടാം മത്സരത്തില്‍ താരം 52 പന്തുകളില്‍ നിന്ന് പുറത്താവാതെ 87 റണ്‍സാണ് നേടിയത്.

ഇപ്പോള്‍ സഞ്ജുവിന്റെ ബാറ്റിങ്ങിനെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ഒരു റണ്‍ ചെയ്സിനെ എങ്ങനെ നേരിടാമെന്നതിന്റെ ഒരു മാസ്റ്റര്‍ ക്ലാസ് സഞ്ജു കാണിച്ച് തന്നുവെന്നും മികച്ച പിച്ചില്‍ രോഹിത് ശര്‍മ വലിയ സ്‌കോര്‍ ചെയ്സ് ചെയ്യുന്ന അതേ നിലവാരമുള്ള പ്രകടനമായിരുന്നു താരത്തിന്റേത് എന്നും അദ്ദേഹം പറഞ്ഞു.

ആകാശ് ചോപ്ര. Photo: Akash/x.com

ഒരു ചെസ് പ്ലെയര്‍ തന്റെ നീക്കങ്ങള്‍ നടത്തുന്നത് പോലെ കൃത്യമായ പ്ലാനിങ്ങിലൂടെയാണ് സഞ്ജു തന്റെ ഇന്നിങ്സ് പടുത്തുയര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.

‘റണ്‍സ് കണ്ടെത്താന്‍ പ്രയാസമേറിയ പിച്ചിലും റണ്‍ ചെയ്‌സിലുമാണ് സഞ്ജു സാംസണ്‍ ഈ പ്രകടനം നടത്തിയത്. ഒരു റണ്‍സ് ചെയ്സിനെ എങ്ങനെ നേരിടാമെന്നതിന്റെ ഒരു മാസ്റ്റര്‍ ക്ലാസാണ് അവന്‍ കാണിച്ച് തന്നത്. മികച്ച പിച്ചില്‍ രോഹിത് ശര്‍മ വലിയ സ്‌കോര്‍ ചെയ്സ് ചെയ്യുന്ന അതേ നിലവാരത്തിലായിരുന്നു അവന്റെ പ്രകടനം.

ഇവിടെ ചെറിയ സ്‌കോറിലും ബുദ്ധിമുട്ടേറിയ പിച്ചിലുമാണ് സഞ്ജുവിത് ചെയ്തത്. ഏത് ബൗളറെ ലക്ഷ്യം വെക്കണമെന്ന് അവന്‍ തീരുമാനിച്ചിരുന്നു. ലുങ്കി എന്‍ഗിഡിയെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും കരുതലോടെയാണ് സഞ്ജു നേരിട്ടത്. എന്നാല്‍, കുല്‍ദീപ് യാദവിനെ തെരഞ്ഞ് പിടിച്ച് ആക്രമിച്ചു.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

കുല്‍ദീപിനെ ഇങ്ങനെ നേരിടാന്‍ സഞ്ജുവിനെ കഴിയൂ. ടി. നടരാജനെയും അവന്‍ അതേ രീതിയില്‍ തന്നെ നേരിട്ടു. ഒരു ചെസ് പ്ലെയര്‍ നീക്കങ്ങള്‍ നടത്തുന്നത് പോലെ കൃത്യമായ പ്ലാനിങ്ങായിരുന്നു അത്,’ ചോപ്ര പറഞ്ഞു.

Content Highlight: Akash Chopra lauds Sanju Samson’s performance against DC as masterclass

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more