| Monday, 3rd November 2025, 9:11 pm

സഞ്ജുവിനെ ഒഴിവാക്കിയതൊരു റാന്‍ഡം സെലക്ഷന്‍, ഒന്നും തീരുമാനിക്കാനായിട്ടില്ല: ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം ടി – 20 മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. ഹൊബെര്‍ട്ടിലെ നിന്‍ജ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു സൂര്യയുടെയും സംഘത്തിന്റെയും വിജയം. പേസര്‍ അര്‍ഷ്ദീപ് സിങിന്റെ കരുത്തിലായിരുന്നു മെന്‍ ഇന്‍ ബ്ലൂ ജയിച്ചത്.

എന്നാല്‍, ഈ വിജയത്തില്‍ പങ്കുകൊള്ളാന്‍ മലയാളി താരം സഞ്ജു സാംസണിന് സാധിച്ചില്ല. താരത്തിന് പകരം പ്ലെയിങ് ഇലവനില്‍ ജിതേഷ് ശര്‍മയ്ക്കാണ് അവസരം ലഭിച്ചത്. ഇപ്പോള്‍ ഈ തീരുമാനത്തെ കുറിച്ച് സംസാരിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനായ ആകാശ് ചോപ്ര.

സഞ്ജു സാംസണിന് പകരം ജിതേഷ് ശര്‍മയെ തെരഞ്ഞെടുത്തത് ഒരു റാന്‍ഡം തെരഞ്ഞെടുപ്പാണെന്നും അതില്‍ ലോജിക്ക് തിരയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സഞ്ജുവിന് ഇനി ടീമില്‍ അവസരം കിട്ടില്ലെന്ന് പറയാനാവില്ലെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.

‘സഞ്ജു സാംസണിന് പകരം ജിതേഷ് ശര്‍മ കളിച്ചത് നമ്മള്‍ അമിതമായി വിശകലനം ചെയ്യേണ്ടതില്ല. കാരണം ഇപ്പോഴത്തെ ടീം സെലക്ഷന്റെ ലോജിക് മനസിലാക്കാന്‍ കഴിയില്ല. അത് പൂര്‍ണമായും പൊരുത്തക്കേടുകളുള്ളതാണ്.

ഏഷ്യാ കപ്പില്‍ ശുഭ്മന്‍ ഗില്‍ ഓപ്പണിങ്ങിലെത്തിയപ്പോള്‍ ജിതേഷ് ശര്‍മയെ കളിപ്പിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ താരത്തിന് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല.

സഞ്ജുവാകട്ടെ പല സ്ഥാനങ്ങളില്‍ കളിച്ചു. ഏഷ്യാ കപ്പ് ഫൈനലില്‍ പ്രധാനപ്പെട്ട റണ്‍സും നേടി. പക്ഷേ, ഇപ്പോള്‍ അവനെ മൂന്നാം നമ്പറില്‍ ഇറക്കിയതിന് ശേഷം ടീമില്‍ നിന്ന് ഒഴിവാക്കി.

ഈ തീരുമാനത്തില്‍ സഞ്ജുവിന്റെ ആരാധകര്‍ ദേഷ്യത്തിലായിരിക്കും. പക്ഷേ, ഒന്നും തീരുമാനിക്കാനായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. സഞ്ജുവിന് പകരം ജിതേഷിനെ ടീമിലെടുത്തത് ഒരു റാന്‍ഡം സെലക്ഷനാണ്. അതിനാല്‍ സഞ്ജുവിന് ഇനി ടീമില്‍ അവസരം കിട്ടില്ലെന്ന് പറയാനാവില്ല,’ ചോപ്ര പറഞ്ഞു.

Content Highlight: Akash Chopra says Jitesh Sharma replacing Sanju Samson in third T20 against Australia seems like a random selection

We use cookies to give you the best possible experience. Learn more