| Sunday, 23rd November 2025, 9:26 am

ഓസ്ട്രേലിയയിലേത് ദൈവത്തിന്റെ സമ്മാനം, ഇന്ത്യയിലാകുമ്പോള്‍ അത് അപമാനം; വിമര്‍ശകര്‍ക്കെതിരെ ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു. മത്സരത്തിന്റെ രണ്ടാം ദിവസം തന്നെ ആതിഥേയര്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലെ ടെസ്റ്റ് ക്രിക്കറ്റിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

ഓസ്ട്രേലിയയില്‍ രണ്ട് ദിവസം കൊണ്ട് കളി അവസാനിക്കുമ്പോള്‍ അതിനെ എല്ലാവരും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഇത് സംഭവിക്കുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിന് അപാനമാനമെന്നാണ് എല്ലാവരും പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

‘ഇത് ഹിപ്പോക്രിസിയാണ്. പെര്‍ത്തില്‍ ഒരു ദിവസം 19 വിക്കറ്റുകള്‍ വീഴ്ത്തുകയും കളി രണ്ട് ദിവസം കൊണ്ട് അവസാനിക്കുകയും ചെയ്താല്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ഫാസ്റ്റ് ബൗളിങ്ങിനെ അഭിനന്ദിക്കും.

ഫാസ്റ്റ് ബൗളിങ്ങിന്റെ ക്വാളിറ്റി മികച്ചതാണെന്നും അത് ആസ്വദിക്കാനും പറയും. ഇതാണ് ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റ് എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. അവര്‍ക്ക് അത് ദൈവത്തിന്റെ സമ്മാനം പോലെ അവതരിപ്പിക്കണം.

എന്നാല്‍ ഇന്ത്യയില്‍ അത് സംഭവിക്കുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റ് മരിച്ചുവെന്നും ഇന്ത്യ ക്രിക്കറ്റിനെ പരിഹസിക്കുന്നുവെന്നുമെന്നാണ് പാശ്ചാത്യലോകം പറയുന്നത്. അതിലേറെ രസം ഇന്ത്യയിലെ ചിലയാളുകളും ഇത് ഏറ്റുപിടിക്കുന്നുവെന്നതാണ്,’ ചോപ്ര പറഞ്ഞു.

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ കൊല്‍ക്കത്തയില്‍ നടന്ന ഒന്നാം ടെസ്റ്റ് മൂന്നാം ദിനം തന്നെ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെ കൊല്‍ക്കത്ത പിച്ചിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കൊല്‍ക്കത്തയിലെ പിച്ച് ബാറ്റര്‍മാര്‍ക്ക് അവസരം നല്‍കിയില്ലെന്നും ഇത്തരം പിച്ച് ടെസ്റ്റ് ക്രിക്കറ്റിനെ നശിപ്പിക്കുന്നുവെന്നായിരുന്നു വിമര്‍ശനങ്ങള്‍.

ഹര്‍ഭജന്‍ സിങ്, സൗരവ് ഗാംഗുലി എന്നിവരടക്കമുള്ള മുന്‍ ഇന്ത്യന്‍ താരങ്ങളും വിമശനം ഉന്നയിച്ചവരിലുണ്ടായിരുന്നു. ഇതിലെല്ലാം ചൂണ്ടിക്കാട്ടിയാണ് ആകാശ് ചോപ്രയുടെ പ്രതികരണം.

Content Highlight: Akash Chopra criticizes double standard of criticizers about pitch in Indian Tests and The Ashes

We use cookies to give you the best possible experience. Learn more