| Tuesday, 31st March 2026, 11:12 am

അവന്‍ കുറച്ച് കൂടി പക്വത കാണിക്കണമായിരുന്നു; സൂപ്പര്‍ താരത്തെ വിമര്‍ശിച്ച് ചോപ്ര

ഫസീഹ പി.സി.

ഐ.പി.എല്‍ 2026 ചെന്നൈ സൂപ്പര്‍ കിങ്സ് തോല്‍വിയോടെയാണ് ആരംഭിച്ചത്. ആദ്യ മത്സരത്തില്‍ യെല്ലോ ആര്‍മി രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ എട്ട് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു. ബാറ്റിങ് തകര്‍ച്ച നേരിട്ടതാണ് ടീമിന് വിനയായത്.

ഇപ്പോള്‍ ഈ മത്സരത്തില്‍ ചെന്നൈയുടെ ബാറ്റിങ്ങിനെയും സൂപ്പര്‍ താരം ശിവം ദുബൈയും വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. പവര്‍പ്ലേയില്‍ തന്നെ നാല് വിക്കറ്റുകള്‍ നഷ്ടമായത് ടീമിന് തിരിച്ചടിയായെന്നും ടീം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍  ശിവം ദുബെ കുറച്ച് കൂടി പക്വത കാണിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആകാശ് ചോപ്ര. Photo: Mahi Patel/x.com

ചെന്നൈയുടെ ബാറ്റിങ് ശൈലിയും ഷോട്ട് സെലക്ഷനും നിരാശാജനകമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

‘ടോസ് നഷ്ടപ്പെട്ടതോടെ സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും ഓപ്പണ്‍ ചെയ്യാന്‍ തീരുമാനിച്ചത് പാളി പോയി. ജോഫ്ര ആര്‍ച്ചറും നന്ദ്രേ ബര്‍ഗറും തിളങ്ങിയതോടെ ചെന്നൈയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി. അത് ടീമിന് തിരിച്ചടിയായി. പവര്‍ പ്ലേയില്‍ നാല് വിക്കറ്റ് നഷ്ടമായാല്‍ ഒരു ടീമിന് കരകയറുക പ്രയാസമാണ്.

200 – 220 റണ്‍സ് വരെ വളരെ അനായാസം ചെയ്സ് ചെയ്ത് ജയിക്കുന്ന ടൂര്‍ണമെന്റില്‍ നിങ്ങള്‍ വെറും 127 റണ്‍സാണ് നേടിയത്. വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണ് ടീം പ്രതിസന്ധിയിലുള്ളപ്പോൾ ശിവം ദുബെ കുറച്ച് കൂടി പക്വത കാണിക്കണമായിരുന്നു. ആദ്യ പന്തില്‍ സിക്‌സടിച്ചതിന് ശേഷം എന്തിനാണ് വീണ്ടും വലിയ ഷോട്ടിന് ശ്രമിച്ചത്.

ദുബെ കുറച്ച് കൂടി ശ്രദ്ധയോടെ കളിക്കേണ്ടതായിരുന്നു. ചെന്നൈയുടെ ബാറ്റിങ് ശൈലിയും ഷോട്ട് സെലക്ഷനും നിരാശാജനകമായിരുന്നു. അനാവശ്യമായ അഗ്രസീവ് ശൈലിയാണ് ടീമിന് തിരിച്ചടിയായത്,’ ചോപ്ര പറഞ്ഞു.

ശിവം ദുബെ. Photo: CSK

ചെന്നൈ അഞ്ച് വിക്കറ്റിന് 51 റണ്‍സ് എന്ന സ്‌കോറില്‍ നിലയിലായിരിക്കെയാണ് ശിവം ദുബെ ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തില്‍ സിക്‌സ് അടിച്ച താരത്തിന് പിന്നീട് രണ്ട് പന്തുകളില്‍ റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ല. അടുത്ത പന്തില്‍ വലിയ ഷോട്ടിന് പുറത്താവുകയും ചെയ്തു. ജഡേജയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ നാല് പന്തില്‍ ആറ് റണ്‍സായിരുന്നു ഓള്‍ റൗണ്ടറുടെ സമ്പാദ്യം.

Content Highlight: Akash Chopra criticizes CSK’s and  Shivam Dube’s batting approach against RR in IPL 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more