ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ താളം കണ്ടെത്താന്‍ പാടുപെടുകയാണ് വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 20 പന്തില്‍ 26 റണ്‍സ് നേടിയ സഞ്ജു രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സിനും മൂന്നാം മത്സരത്തില്‍ മൂന്ന് റണ്‍സിനും പുറത്തായി. നൂറില്‍ താഴെ സ്ട്രൈക്ക് റേറ്റാണ് ഈ രണ്ട് മത്സരത്തിലും സഞ്ജുവിനുള്ളത്.
മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ വലിയ വിമര്‍ശനങ്ങളും രാജസ്ഥാന്‍ റോയല്‍സ് നായകന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
സഞ്ജുവിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ആരാധകര്‍ക്ക് സഹിക്കാനാകില്ല എന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഞ്ജുവിനെ വിമര്‍ശിച്ചാല്‍ മറ്റ് താരങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടിക്കൊണ്ടാണ് ആരാധകരെത്തുന്നതെന്നും ചോപ്ര വിമര്‍ശിച്ചു.
‘ബൗണ്‍സറുകളിലും ഷോര്‍ട്ട് ബോളുകളിലുമായി ഒരുപോലെയാണ് സഞ്ജു പുറത്താവുന്നത്. പക്ഷേ സഞ്ജുവിനെ പറ്റി ഞാനോ നിങ്ങളോ ഒന്നും പറയാന്‍ പാടില്ല.
സഞ്ജുവിനെ ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ ആദ്ദേഹത്തിന്റെ ആരാധകര്‍ മറ്റ് താരങ്ങളുടെ സ്റ്റാറ്റ്‌സുമായാണ് എത്തുക. മൂന്ന് മത്സരങ്ങളില്‍ തുടരെ മൂന്ന് തവണയും പുറത്തായാല്‍ എന്താണ് പ്രശ്നം? മറ്റ് താരങ്ങളൊന്നും തന്നെ പുറത്താകുന്നില്ലേ? റിഷബ് പന്തും ധ്രുവ് ജുറേലുമെല്ലാം പുറത്താകുന്നുണ്ടല്ലോ എന്നെല്ലാം ആരാധകര്‍ ചോദിക്കും,’ ചോപ്ര പറഞ്ഞു.
പരമ്പരയിലെ മൂന്ന് മത്സരത്തിലും സമാനമായ രീതിയിലാണ് സഞ്ജു പുറത്തായത്. ജോഫ്രാ ആര്‍ച്ചറിന്റെ ഷോര്‍ട്ട് ബോളില്‍ ഫീല്‍ഡറുടെ കയ്യിലൊതുങ്ങിയാണ് സഞ്ജു മൂന്ന് മത്സരങ്ങളിലും പുറത്തായത്.
സൗരാഷ്ട്ര കിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്നാം ഓവറിലെ രണ്ടാം പന്തിലാണ് സഞ്ജു പുറത്തായത്. ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ആദില്‍ റഷീദിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. 145.7 കിലോമീറ്റര്‍ വേഗതയിലെത്തിയ ഷോര്‍ട്ട് ബോള്‍ പുള്‍ ചെയ്യാനുള്ള ശ്രമം പാളുകയും മിഡ് ഓണില്‍ ഫീല്‍ഡ് ചെയ്ത ആദില്‍ റഷീദിന്റെ കയ്യില്‍ ഒതുങ്ങുകയുമായിരുന്നു.
പരമ്പരയിലെ ആദ്യ മത്സത്തില്‍ സഞ്ജുവിനെ ഗസ് ആറ്റ്കിന്‍സണിന്റെ കയ്യിലെത്തിച്ച് പുറത്താക്കിയ ആര്‍ച്ചര്‍ രണ്ടാം മത്സരത്തില്‍ ബ്രൈഡന്‍ കാര്‍സിന്റെ കൈകളിലെത്തിച്ചും മടക്കി.
തുടര്‍ച്ചയായ മൂന്ന് മത്സരത്തിലും ആര്‍ച്ചറിന്റെ പന്തില്‍ പുറത്തായതോടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇംഗ്ലണ്ട് താരത്തിന്റെ ബണ്ണിയായിരിക്കുകയാണ്.
ഒരു ബൗളര്‍ ഒരു ബാറ്ററെ തുടര്‍ച്ചയായി പുറത്താക്കുകയാണെങ്കില്‍ ആ ബാറ്റര്‍ ബൗളറുടെ ബണ്ണിയെന്നാണ് അറിയപ്പെടുക.
വരുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് ടീമിലും ഓപ്പണിങ് സ്ലോട്ടിലും സഞ്ജുവിന്റെ നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമായി മാറിയിരിക്കുകയാണ്.
ജനുവരി 31നാണ് പരമ്പരയിലെ നാലാം മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.
Content Highlight: Akash Chopra criticize Sanju Samson and his fans