| Friday, 16th January 2026, 8:27 pm

ഏകദിന ഫോര്‍മാറ്റ് ജഡേജയ്ക്ക് അനുകൂലമല്ല; വിമര്‍ശനവുമായി ആകാശ് ചോപ്ര

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ന്യൂസിലാന്‍ഡിനെതിരെ നടന്ന രണ്ടാം ഏകദിനത്തില്‍ ജഡേജ പതുക്കെയാണ് കളിച്ചതെന്നും ഏകദിന ഫോര്‍മാറ്റ് താരത്തിന് അനുകൂലമാകുന്നില്ലെന്നുമാണ് ചോപ്ര പറഞ്ഞത്. മാത്രമല്ല ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ജഡേജ മോശം പ്രകടനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രവീന്ദ്ര ജഡേജ- Photo: Ravindrasinh Jadeja/x.com

‘ജഡേജ വളരെ പതുക്കെയാണ് കളിച്ചത്. കുറച്ച് റണ്‍സ് നേടിയെങ്കിലും ഏകദിന ഫോര്‍മാറ്റ് ജഡ്ഡുവിന് (ജഡേജ) അനുകൂലമായി പോകുന്നില്ല. ചാമ്പ്യന്‍സ്‌ട്രോഫിക്ക് ശേഷം അദ്ദേഹത്തിന്റെ ബൗളിങ് പ്രകടനം മികച്ചതായി തോന്നുന്നില്ല. ബാറ്റിങ് നമ്പറുകളും മകച്ചതല്ല. മാത്രമല്ല അദ്ദേഹത്തിന് നന്നായി ഫീല്‍ഡ് ചെയ്യാന്‍ കഴിയുന്നില്ല. ഇക്കാര്യങ്ങളൊന്നും നല്ലതായി തോന്നുന്നില്ല,’ ചോപ്ര തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയില്‍ പങ്കുവെച്ചു.

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി 141 ഇന്നിങ്‌സില്‍ നിന്ന് 2893 റണ്‍സാണ് ജഡേജ നേടിയത്. 13 അര്‍ധ സെഞ്ച്വറികളാണ് താരം ഫോര്‍മാറ്റില്‍ നേടി. ബൗളിങ്ങില്‍ 201 ഇന്നിങ്‌സില്‍ നിന്ന് 232 വിക്കറ്റുകളും താരം സ്വന്തമാക്കി. രണ്ട് ഫൈഫറും ഏഴ് ഫോര്‍ഫറും ജഡ്ഡുവിനുണ്ട്.

അതേസമയം ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ ജഡേജ 44 പന്തില്‍ നിന്ന് 27 റണ്‍സായിരുന്നു നേടിയത്. മാത്രമല്ല ബൗളിങ്ങില്‍ എട്ട് ഓവറുകള്‍ എറിഞ്ഞ് 44 റണ്‍സ് വിട്ടുകൊടുത്ത ജഡേജയ്ക്ക് വിക്കറ്റുകളൊന്നും നേടാന്‍ സാധിച്ചില്ല.

ന്യൂസിലാന്‍ഡിനെതിരായ അവസാനത്തേയും മൂന്നാമത്തെയും ഏകദിനം ജനുവരി 18ന് ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. നിലവില്‍ പരമ്പര 1-1 എന്ന നിലയിലാണ് ഇരുവരും. ഇതോടെ അവസാന മത്സരം രണ്ട് ടീമിനും ഏറെ നിര്‍ണായകമാണ്.

Content Highlight: Akash Chopra Criticize Ravindra Jadeja

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more